രാജ്യത്തെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വ്യാജ വാര്‍ത്തകള്‍ തടയാനും പരിശോധിക്കാനും വേണ്ടിയുള്ള വസ്തുത പരിശോധന സമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് (പിഐബി ) കീഴിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ ഐടി നിയമത്തെ ചോദ്യം ചെയ്ത് എഡിറ്റേഴ്സ് ഗില്‍ഡും ഹാസ്യതാരം കുനാല്‍ കമ്ര അടക്കമുള്ളവരും സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ധൃതി പിടിച്ച് കേന്ദ്ര സര്‍ക്കാര്‍ സമിതി രൂപീകരിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വസ്തുതാ പരിശോധന സമിതി രൂപീകരണം സ്റ്റേ ചെയ്യണമെന്നായിരുന്നു എഡിറ്റേഴ്സ് ഗില്‍ഡ് അടക്കം മാധ്യമ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. ഏതൊക്കെ വിവരം പ്രസിദ്ധപ്പെടുത്തണം എന്നതു സംബന്ധിച്ച് സര്‍ക്കാരിന് കുത്തക അവകാശം നല്‍കാൻ നിയമം കാരണമാകുമെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് സമിതി രൂപീകരിക്കുന്നതെന്നാണ് വിമര്‍ശനം. ഓണ്‍ലൈന്‍-സമൂഹ മാധ്യമം അടക്കമുള്ളവയുടെ മേല്‍ നിയന്ത്രണം ഉറപ്പാക്കുന്നതിനും വിവാദ നിയമത്തിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പുതിയ നിയമത്തിലെ റൂള്‍ മൂന്ന് അനുസരിച്ച് വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന് ഫാക്ട് ചെക് യൂണിറ്റ് രൂപീകരിക്കാമെന്ന് പ്രതിപാദിക്കുന്നുണ്ട്. ബോംബെ ഹൈക്കോടതി അന്തിമവിധി പ്രസ്താവിക്കുന്നതു വരെ ഫാക്ട് ചെക്ക് യൂണിറ്റ് ആരംഭിക്കില്ലെന്ന് ഇലക്ട്രോണിക്സ് മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ വിഷയം എത്തിയതിന് പിന്നാലെ കേന്ദ്രം തിടുക്കത്തില്‍ വസ്തുതാന്വേഷണ സമിതി രൂപീകരിക്കുകയായിരുന്നു.
English Summary: Centre notifies Fact Check Unit under PIB
You may also like this video
You may also like this video