Site iconSite icon Janayugom Online

കേന്ദ്ര‑സംസ്ഥാന ബന്ധങ്ങൾ; നാല് സംസ്ഥാനങ്ങളുമായി ചേർന്ന് കേരളം കോൺക്ലേവ് സംഘടിപ്പിക്കും

16-ാം ധനകാര്യ കമ്മിഷന് മുൻപായി കേന്ദ്ര‑സംസ്ഥാന ബന്ധങ്ങൾ വിശകലനം ചെയ്യുവാനായി കേരളം നാല് സംസ്ഥാനങ്ങളുമായി ചേർന്ന് കോൺക്ലേവ് സംഘടിപ്പിക്കും കേന്ദ്ര‑സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുന്നതിനും ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുന്നതിനും വേണ്ടിയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ധന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 12ന്‌ തിരുവനന്തപുരത്താണ്‌ ഏകദിന സമ്മേളനം സംഘടിപ്പിക്കുന്നത്‌. തമിഴ്‌നാട്‌, കർണാടക, തെലങ്കാന, പഞ്ചാബ്‌ എന്നീ സംസ്ഥാനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.

12ന്‌ രാവിലെ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, പഞ്ചാബ്‌ കാര്യ മന്ത്രി ഹർപാൽ സിങ്‌ ചീമ, തമിഴ്‌നാട്‌ ധന മന്ത്രി തങ്കം തെന്നരസു, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ എന്നിവർ സംസാരിക്കും. നാല് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരും പങ്കെടുക്കും. അഞ്ച് വർഷ കാലത്തേക്ക് ഓരോ സംസ്ഥാനങ്ങൾക്ക് എത്ര കൊടുക്കണമെന്ന് തീരുമാനിക്കുന്ന 16-ാം ധനകാര്യ കമ്മിഷൻ ഈ വർഷമാണ് നിലവിൽ വരുന്നത്. രണ്ട് സെഷനായി നടക്കുന്ന കോൺക്ലേവിൽ ധനകാര്യ വിദഗ്‌ധരും പങ്കെടുക്കുമെന്ന് കെ എൻ ബാലഗോപാൽ അറിയിച്ചു. ഫെഡറലിസം സംരക്ഷിക്കാനാണ് കോൺക്ലേവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version