കേന്ദ്രസര്‍ക്കാരിന്റെ ജമ്മുകശ്മീര്‍ നയം പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എം പി. മുന്‍ സിഡ്കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്തിന്റെ നേതൃത്വത്തില്‍ ഇരൂന്നൂറോളം കുടുംബങ്ങള്‍ സിപിഐയില്‍ ചേര്‍ന്നതിന്റെ ഭാഗമായി നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മുകശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാക്കുകള്‍ പാലിക്കപ്പെട്ടോയെന്നത് നാം ഒരോരുത്തര്‍ക്കും വ്യക്തമായതാണ്. നിരന്തര സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനോ വെടിയൊച്ചകള്‍ നിശബ്ദമാക്കാനോ കേന്ദ്ര സര്‍ക്കാരിനായില്ല. നിലവില്‍ വികസനങ്ങളെല്ലാം നിലച്ച അവസ്ഥയാണിവിടം. യുദ്ധമല്ല ഒന്നിനും പരിഹാരം പകരം ചര്‍ച്ചയാണ് വേണ്ടതെന്ന് കേന്ദ്രം മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ലഡാക്കിൽ കഴിഞ്ഞ ദിവസമുണ്ടായ സൈനിക വാഹനാപകടത്തിൽ മരണമടഞ്ഞ പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിനെ ചടങ്ങില്‍ അനുസ്മരിച്ചു. ചടങ്ങില്‍ നിയാസ് പുളിക്കലകത്ത് അധ്യക്ഷനായി. മന്ത്രി അഡ്വ. കെ രാജന്‍, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി സുനീര്‍, സംസ്ഥാന കമ്മിറ്റി അംഗം പി സുബ്രഹ്മണ്യന്‍, ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
English Summary: Centre’s Jammu and Kashmir policy a complete failure: Binoy Vishwam MP
You may also like this video