മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘ആട് 3’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾക്കിടെ പരിക്കേറ്റ നടൻ വിനായകൻ ആശുപത്രി വിട്ടു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ബുധനാഴ്ച വൈകുന്നേരമാണ് ഡിസ്ചാർജ് ആയത്. പരിക്കിന്റെ ഗൗരവത്തെക്കുറിച്ച് താരം മാധ്യമങ്ങളോട് പ്രതികരിച്ചു. “കഴുത്തിലെ വെയിൻ (ഞരമ്പ്) കട്ടായിപ്പോയിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇത് തിരിച്ചറിഞ്ഞത്. നേരത്തെ അറിഞ്ഞില്ലായിരുന്നെങ്കിൽ ചലനശേഷി തന്നെ നഷ്ടപ്പെട്ടേനെ. നിലവിൽ സംസാരിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട്,” വിനായകൻ പറഞ്ഞു. താരത്തിന് ആറാഴ്ച മുതൽ രണ്ട് മാസം വരെ പൂർണ്ണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ തിരിച്ചെന്തൂരിൽ വെച്ച് നടന്ന ഷൂട്ടിങ്ങിനിടെയാണ് വിനായകന് പരിക്കേറ്റത്. ജീപ്പ് ഉൾപ്പെടുന്ന ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ പേശികൾക്ക് ക്ഷതമേൽക്കുകയായിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് കൊച്ചിയിൽ നടത്തിയ എംആർഐ പരിശോധനയിലാണ് ഞരമ്പിനും പേശികൾക്കും സാരമായ പരിക്കുണ്ടെന്ന് കണ്ടെത്തിയത്.

