Site iconSite icon Janayugom Online

ചക്കുളത്തുകാവിൽ പൊങ്കാല; ഒരുക്കങ്ങളായി

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം 19ന്. പൊങ്കാല മഹോത്സവത്തിന്റ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങൾ ആണ് ക്ഷേത്രസന്നിധിയിൽ ഒരുക്കിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭക്തജനങ്ങൾക്ക് പ്രത്യേകം കലം വച്ച് പൊങ്കാല അർപ്പിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്ര സന്നിധിയിൽ ഏഴു വാർപ്പുകളിലായി തയ്യാറാക്കുന്ന പണ്ടാര പൊങ്കാലയിൽ ഏല്ലാ ഭക്തജനങ്ങൾക്കും പേരും നാളും നൽകി പങ്കെടുക്കുന്നതിനുള്ള അവസരം ലഭ്യമാണ്. അതിനായി പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 9ന് ക്ഷേത്ര ശ്രീ കോവിലിൽ നിന്നും ക്ഷേത്ര മുഖ്യകാര്യദർശിമാരായ രാധകൃഷ്ണൻ നമ്പൂതിരിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കൂടി ദീപം പകർന്നു പണ്ടാര പൊങ്കാല അടുപ്പുകളിൽ അഗ്നി പ്രോജ്വലിപ്പിച്ച് പൊങ്കാലക്ക് തുടക്കം കുറിക്കും. കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ആത്മീയ സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി, എം വി ഗോപകുമാർ എന്നിവർ പങ്കെടുക്കും. പൊങ്കാലയുടെ ഉദ്ഘാടനം ബിന്ദു മനോജ് നിർവഹിക്കും. പൊങ്കാല നിവേദ്യവും മറ്റു സമർപ്പണങ്ങൾക്കും മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത് ബി നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. പൊങ്കാല തയ്യാറായി ക്കഴിയുമ്പോൾ എല്ലാ ഭക്തജനങ്ങക്കും പ്രസാദ വിതരണവും നടക്കും.

തുടർന്ന് ക്ഷേത്രത്തിൽ ഉച്ച ദീപാരാധനയും ദിവ്യാഭിഷേകവും നടക്കും. വൈകിട്ട് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര മുഖ്യ കാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരിയും ഉണ്ണികൃഷ്ണൻ നമ്പൂതിരിയും അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് കാർത്തിക സ്തംഭം കത്തിക്കുന്ന ചടങ്ങ് കേന്ദ്ര ഏകാംഗകമ്മീഷൻ ഡോ. സി വി ആനന്ദബോസ് നിർവഹിക്കും. വാര്‍ത്താസമ്മേളനത്തിൽ മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ കെ കെ ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.

Exit mobile version