Site icon Janayugom Online

ചാക്രികം!

chakrikam

കാലത്തെ പതിവായ ഉശിരൻ ചായയ്ക്കൊപ്പം

ഒരു താൾ നിറഞ്ഞിതാ ചരമക്കുറിപ്പുകൾ

ചിരിച്ചും ചിന്തിച്ചിട്ടും കുഴഞ്ഞ മനുജർ തൻ

പരന്ന നെറ്റിത്തടം വിയർത്ത കഥകളും

വിടർന്ന ചിരി മാഞ്ഞ വരണ്ട അധരങ്ങൾ

ചുരുട്ടും മുഷ്ടിക്കുമേൽ പതിച്ച പ്രഹരങ്ങൾ

നടന്നു മെലിഞ്ഞതാം വഴിയും പാദങ്ങളും

ഒരിക്കൽ പച്ചപ്പേറ്റി തളിർത്ത വികാരങ്ങൾ

ചുവന്നും തുടുപ്പാർന്നും വിടർന്ന പൂവാകയായ്

കൊഴിഞ്ഞു മൺപറ്റവേ ചുളുങ്ങും തൊലിപ്പുറം

സ്മൃതികൾ ഇരുൾ മൂടി വരളും ഓർമ്മപ്പാടം

ഇടക്ക് മിന്നൽപ്പിണർ വെളിച്ചം പായിക്കുംപോൽ

നെടുങ്കൻ വഴിയിലൂടൊറ്റയാൾ ഓലച്ചൂട്ട്!

ഇരുളും വെളിച്ചവും കലർന്ന ചിത്രം നോക്കി

നിറങ്ങൾ നിറഞ്ഞതാം ഋതുഭേദങ്ങൾ കാൺകെ

ഹൃദന്തം ചുരക്കുന്നു പശപോൽ പാശം പയ്യെ

അകത്തെ മുറിയൊന്നിൽ കിടക്കും പിതാവിനെ

പതുക്കെ തലോടുന്നു ആർദ്രമായ് നെറ്റിത്തടം

മിടിക്കും ഹൃദയത്തെ കോരുന്നു ഉള്ളം കയ്യിൽ

മൃദുവായ് ചുംബിക്കുന്നു സ്വച്ഛമാം സ്വപ്നം പോലെ!

ഒരുനാൾ വരും മെല്ലെ മൃത്യുവിൻ തണു സ്പർശം

ഉതിരും കതിർമണി മുളയ്ക്കാൻ വെമ്പൽ കാക്കാം

മിടിപ്പ് നിൽക്കുംന്നേരം ഉയിർക്കാൻ കൊതിച്ചിടാം

കനത്ത കൺപോളകൾ തുറക്കാൻ കഴിഞ്ഞിടാ

തൊടുക്കം പിടയുമ്പോളടുത്ത് കരുതലായ്

പിടിക്കാം കരങ്ങളിൽ,വരളും ചുണ്ടിൽ ജലം

കനക്കും ഹൃദയത്തിൽ മൃദുവായ് ചുംബിച്ചിടാൻ

അരികിൽ നിഴൽപോലെ നിൽക്കുവാൻ കഴിയണേ

അതിനും കഴിയാതെ പിടഞ്ഞാൽ പിടയട്ടെ

കരഞ്ഞു കനംവയ്ക്കും ഹൃദയം അനാഥമായ്!

Exit mobile version