Site iconSite icon Janayugom Online

ചാലക്കുടി വ്യാജ ലഹരി മരുന്ന് കേസ്: പ്രതി നാരായണദാസ് പിടിയിൽ

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ പ്രതി നാരായണദാസ് പിടിയില്‍. ബാംഗ്ലൂർ അമ്രവള്ളിയിൽ നിന്നുമാണ് അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ബാംഗ്ലൂരിലെത്തി നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിൽ ആകുന്നത്. നാരായണ ദാസിനെ നാളെ പുലർച്ചെ ചാലക്കുടിയിൽ എത്തിക്കുമെന്നാണ് വിവരം.

ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു. കേസിൽ ഒന്നാംപ്രതിയായ ഇയാൾക്ക് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോഴാണ് ഒളിവിൽ പോയത്. നാരായണ ദാസിനെ പിടികൂടിയതിൽ സന്തോഷമെന്നും ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് നാരായണദാസ് ഇത് ചെയ്തത് എന്നത് പുറത്തു വരണമെന്നും ഷീല സണ്ണി പറഞ്ഞു. 

നാരായണ ദാസിനെ തനിക്കറിയില്ലെന്നും പറഞ്ഞു. മയക്കുമരുന്ന് എന്താന്ന് പോലും അറിയാത്ത തന്നെയാണ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്. മരുമകളുടെ അനിയത്തിയാണ് തലേദിവസം വീട്ടിൽ ഉണ്ടായിരുന്നത്. മരുമകളുടെ അനിയത്തിയുടെ കൂടെയുള്ള വ്യക്തിയാണ് നാരായണ ദാസ് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ എന്തിന് അവർ അത് ചെയ്തു എന്നത് കണ്ടെത്തണം. മരുമകൾക്ക് തന്നെ വെറുപ്പ് തോന്നേണ്ട ഒരു കാരണവുമില്ലെന്നും ഷീല സണ്ണി പറഞ്ഞു.

Exit mobile version