ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഫെബ്രുവരി മാസത്തിൽ താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയിലെ ഗോതമ്പ്, ബാർലി, എണ്ണക്കുരുക്കൾ, പച്ചക്കറികൾ എന്നിവയുടെ വിളവിനെ ഇത് ദോഷകരമായി ബാധിച്ചേക്കാം. അരുണാചൽ പ്രദേശ്, അസം മുതൽ കർണാടകയുടെ മധ്യഭാഗം വരെയുള്ള കിഴക്കൻ മേഖലകളിലും തെലങ്കാന, ഛത്തീസ്ഗഢ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും പകൽ താപനില ഉയരാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ഗംഗാസമതലങ്ങളിലും രാത്രികാല താപനിലയും ഉയരുന്നത് വിളവെടുപ്പിന് മുൻപുള്ള കൃഷിയെ ബാധിക്കുമെന്ന് ഐഎംഡി ചീഫ് മൃത്യുഞ്ജയ് മോഹപാത്ര വ്യക്തമാക്കി.
ഉയർന്ന താപനില ഗോതമ്പ്, ബാർലി തുടങ്ങിയ വിളകൾ അകാലത്തിൽ പാകമാകുന്നതിനും അതുവഴി വിളവ് കുറയുന്നതിനും കാരണമാകും. കടുകിന്റെയും പയറുവർഗ്ഗങ്ങളുടെയും പൂവിടൽ നേരത്തെയാകാനും വിത്തുകളുടെ വലിപ്പം കുറയാനും ഇത് ഇടയാക്കും. പച്ചക്കറികൾക്കും മാവ്, വാഴ, മുന്തിരി തുടങ്ങിയ തോട്ടവിളകൾക്കും ഈ ചൂട് ഭീഷണിയാണ്. കാലികൾക്കും പക്ഷികൾക്കും താപ സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ പാലിന്റെയും മുട്ടയുടെയും ഉൽപാദനം കുറഞ്ഞേക്കാം. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനമായ ‘എൽ നിനോ’ കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ പ്രകടമായേക്കാമെന്നും ഹിമാലയൻ മേഖലകളിൽ മഞ്ഞുവീഴ്ച കുറയുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണെന്നും കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു.

