Site icon Janayugom Online

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്നും പത്ത് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്ത് ജില്ലകളിൽ റെഡ് അലർട്ടും നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. 95 ദുരിതാശ്വാസ ക്യാംപുകളിലായി 2,291 പേരെ മാറ്റിപ്പാർപ്പിച്ചു.

മധ്യ വടക്കൻ ജില്ലകളിലാണ് ഇന്ന് അതിതീവ്ര മഴ ലഭിക്കുക. ആലപ്പുഴ മുതൽ കണ്ണൂർ വരെയുള്ള പത്ത് ജില്ലകളിൽ റെഡ് അലർട്ടും ബാക്കിയുള്ള നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ്. നാളെയും 9 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ അപകട സാധ്യതാമേഖലയിലുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദേശം നൽകി. കടലിൽ പോകുന്നതിന് മത്സ്യതൊഴിലാളികൾക്ക് കർശന വിലക്കുണ്ട്.

കേരള എംജി കാലിക്കറ്റ് യൂണിവേഴ്സിറ്റികളിൽ എല്ലാ പരീക്ഷകളും മാറ്റിവെച്ചു, കോഴിക്കോട്, വയനാട് ജില്ലകളിലും മലപ്പുറം നിലമ്പൂരിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല. മലപ്പുറത്ത് നാടുകാണി ചുരം വഴി മൂന്ന് ദിവസം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതികൾ നേരിടാൻ സംസ്ഥാനത്ത് 9 എൻഡിആർഎഫ് സംഘങ്ങളിൽ വിവിധ ജില്ലകളിൽ തുടരുന്നുണ്ട്.

Eng­lish summary;Chance of heavy rain in the state; Red alert in 10 dis­tricts today

You may also like this video;

Exit mobile version