നാളെ ഇടിയോടു കൂടി മഴക്ക് സാധ്യതയുണ്ടെന്നും ഈ മാസം കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ്. ഇന്നും പലയിടത്തും മഴയ്ക്കു സാധ്യതയുണ്ട്. മഴ നീണ്ടുനിൽക്കാത്തതിനാൽ ചൂടിന് ശമനമുണ്ടാവില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലാണ് മഴ കൂടുതൽ ലഭിക്കാൻ സാധ്യത. വടക്കൻ ജില്ലകളിൽ കുറഞ്ഞേക്കാം.
കിഴക്കൻ കാറ്റിന്റെ സ്വാധീനത്താലാണ് മധ്യ, തെക്കൻ ജില്ലകളിൽ മഴപെയ്യുക. ഇന്ന് കേരള തീരത്തും ഇന്നും നാളെയും ലക്ഷദ്വീപ് തീരത്തും മീൻപിടിത്തത്തിനു വിലക്കുണ്ട്. തെക്കൻ കേരളതീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

