Site iconSite icon Janayugom Online

ചാന്ദിപുര വൈറസ്: മരണം 15 ആയി

ഗുജറാത്തിൽ ചാന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേര്‍ ഇപ്പോൾ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. 51,725 പേരെ സ്ക്രീന്‍ ടെസ്റ്റ് ചെയ്തെന്ന് ഗുജറാത്ത് സര്‍ക്കാർ അറിയിച്ചു. വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ എല്ലാ ജില്ലയിലും ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ്. 

സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് വൈറസ് രൂക്ഷമായിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. രാജസ്ഥാനിൽ നിന്നുള്ള ഒരാൾ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്. സമ്പർകാന്ത, ഹിസാഗർ, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചാന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 

മഹാരാഷ്ട്രയിലെ ചാന്ദിപ്പുര ഗ്രാമത്തിൽ ആദ്യമായി കണ്ടെത്തിയ വൈറസായതിനാലാണ് ഇത്തരത്തിലൊരു പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. മണൽ ഈച്ചയുടെ കടി ഏൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക. 

Eng­lish Sum­ma­ry: Chandipu­ra virus: Death toll ris­es to 15
You may also like this video

Exit mobile version