Site iconSite icon Janayugom Online

രാജ്യത്തെ മുഖ്യമന്ത്രിമാരില്‍ അതിസമ്പന്നന്‍ ചന്ദ്രബാബു നായിഡു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍). 931 കോടിയാണ് നായിഡുവിന്റെ ആസ്തി. 15 ലക്ഷം മാത്രമുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഏറ്റവും പിന്നില്‍.
332 കോടിയിലധികം ആസ്തിയുള്ള അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു പട്ടികയില്‍ രണ്ടാമതും കര്‍ണാടക മുഖ്യന്‍ സിദ്ധരാമയ്യ 51 കോടിയിലധികം രൂപയുമായി മൂന്നാമതും ഇടംപിടിച്ചു. സംസ്ഥാന‑കേന്ദ്ര ഭരണപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുടെ ശരാശരി ആസ‍്തി 52.59 കോടിയാണെന്നും 31 മുഖ്യമന്ത്രിമാരുടെ ആകെ ആസ്തി 1,630 കോടിയാണെന്നും എഡിആര്‍ ഇന്നലെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. 

55 ലക്ഷമുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് പട്ടികയില്‍ ഏറ്റവും കുറവ് സമ്പാദ്യമുള്ള രണ്ടാമത്തെയാള്‍. തൊട്ടുപിന്നിലാണ് 1.18 കോടിയുടെ ആസ‍്തിയുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. പേമ ഖണ്ഡുവിന് 180 കോടിയുടെ ബാധ്യതയുണ്ട്. സിദ്ധരാമയ്യയ്ക്ക് 23 കോടിയുടെയും ചന്ദ്രബാബു നായിഡുവിന് 10 കോടിയിലധികവും ബാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023–24 കാലയളവില്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഏകദേശം 1,85,854 ലക്ഷം ആയിരുന്നപ്പോള്‍ മുഖ്യമന്ത്രിമാരുടെ ശരാശരി വരുമാനം 13,64,310 ലക്ഷമാണ്. 13 മുഖ്യമന്ത്രിമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ടെന്നും 10 പേര്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൈക്കൂലി, ക്രിമിനല്‍ ഭീഷണി എന്നിവ അടക്കം ഗുരുതര സ്വഭാവമുള്ള കുറ്റാരോപിതരാണെന്നും പറയുന്നു. 

Exit mobile version