Site iconSite icon Janayugom Online

നീലഭൂമിയും ചന്ദ്രബിംബവും പകര്‍ത്തി ചന്ദ്രയാൻ‑3

ചന്ദ്രയാൻ‑3 പകര്‍ത്തിയ രണ്ട് ചിത്രങ്ങള്‍ കൂടി ഐഎസ്ആര്‍ഒ പുറത്തുവിട്ടു. വിക്ഷേപണ സമയത്ത് ലാൻഡര്‍ ഇമേജര്‍ (എല്‍ഐ) കാമറ ഉപയോഗിച്ച് ചന്ദ്രയാൻ പകര്‍ത്തിയ ഭൂമിയുടെ ചിത്രവും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന പ്രക്രിയയായ ലൂണാര്‍ ഓര്‍ബിറ്റ് ഇൻസേര്‍ഷൻ(എല്‍ഒഐ) ദിനത്തില്‍ ലാൻഡര്‍ ഹൊറിസോണ്ടല്‍ വെലോസിറ്റി (എല്‍എച്ച്‌വിസി) കാമറ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രവുമാണ് ഐഎസ് ആര്‍ഒ എക്സി(ട്വിറ്റര്‍)ലൂടെ പുറത്ത് വിട്ടത്. ഈ മാസം ഒന്നിന് എല്‍ഒഐ സമയത്ത് ചന്ദ്രയാൻ പകര്‍ത്തിയ ഒരു വീഡിയോ ബഹിരാകാശ ഗവേഷണ കേന്ദ്രം പുറത്തുവിട്ടിരുന്നു. 

ഗുജറാത്തിലെ അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻ സെന്ററിലാണ് എല്‍ഐ കാമറ വികസിപ്പിച്ചത്. കര്‍ണാടകയിലെ ബംഗളൂരുവിലുള്ള ലബോറട്ടറി ഫോര്‍ ഇലക്ട്രോ-ഒപ്റ്റിക്സ് സിസ്റ്റത്തിലാണ് എല്‍എച്ച്‌വി കാമറ വികസിപ്പിച്ചത്.
ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലുള്ള പേടകം ഘട്ടംഘട്ടമായി ചന്ദ്രോപരിതലത്തിലേക്ക് അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ 174കിമീ*1437കിമീ ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍-3 പേടകം. 14ന് ഉച്ചയ്ക്ക് 11.30നും 12.30നുമിടയിലാണ് അടുത്ത ഘട്ട ഭ്രമണപഥം താഴ്ത്തല്‍. 16ന് ലാൻഡറും റോവറും പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് വേര്‍പെടും. 18നായിരിക്കും ചന്ദ്രയാൻ അവസാനഘട്ട ഭ്രമണപഥം താഴ്ത്തുക. ശേഷം പേടകത്തിന്റെ വേഗത കുറച്ച് 23ന് സോഫ്റ്റ് ലാൻഡിങ് നടത്തുകയാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. 

Eng­lish Sum­ma­ry: Chandrayaan‑3 cap­tures blue sky and moon image

You may also like this video

Exit mobile version