ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ‑3 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുമെന്ന് ഐഎസ്ആര്‍ഒ. വൈകിട്ട് ഏഴ് മണിക്കാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന പ്രക്രിയയായ ലൂണാര്‍ ഓര്‍ബിറ്റ് ഇൻസേര്‍ഷൻ(എല്‍ഒഐ) നിശ്ചയിച്ചിട്ടുള്ളതെന്നും ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചു.
പേടകം യാത്രയുടെ മൂന്നില്‍ രണ്ട് ഭാഗം വിജയകരമായി പൂര്‍ത്തീകരിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 2.6 ലക്ഷം കിലോമീറ്ററാണ് പേടകം സഞ്ചരിച്ചത്. പേടകത്തിന്റെ സഞ്ചാര പഥം ക്രമീകരിച്ച് ചന്ദ്ര ഭ്രമണപഥത്തിലെത്തുന്നതാണ് എല്‍ഒഐ. ഒരു രാസ റോക്കറ്റ് എൻജിന്റെ സഹായത്തോടെ പേടകത്തിന്റെ പ്രവേഗം വര്‍ധിപ്പിച്ചാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുക. ഈ മാസം ഒന്നിന് നടന്ന ട്രാൻസ് ലൂണാര്‍ ഇൻജെക്ഷനിലൂടെ പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്രയാക്കിയിരുന്നു. എല്‍ഒഐ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ ചന്ദ്രയാൻ പൂര്‍ണമായി ചന്ദ്രന്റെ ഭ്രമണപഥത്തിലാകും. ശേഷം സങ്കീര്‍ണമായ ഉദ്യമങ്ങളിലൂടെ ഭ്രമണപഥം തൊടും. ഇതില്‍ ലാൻഡറില്‍ നിന്നുള്ള വേര്‍പെടല്‍, പേടകത്തിന്റെ വേഗത കുറയ്ക്കല്‍, എന്നിവയും സോഫ്റ്റ് ലാൻഡിങ്ങും ഉള്‍പ്പെടുന്നു.
ചന്ദ്രോപരിതലത്തില്‍ എത്തുക മാത്രമല്ല ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ലാൻഡിങ് നടത്തുക എന്ന ഉദ്യമമാണ് ചന്ദ്രയാന്‍-3 നുള്ളത്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രോപരിതലത്തിലെത്തുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറും. ചന്ദ്രോപരിതലത്തിലെ പ്രത്യേകതകള്‍ പഠിക്കുന്നതിന് വ്യത്യസ്ത ഉപകരണങ്ങളാണ് ചന്ദ്രയാൻ ഉപയോഗിക്കുക.
ചന്ദ്രോപരിതലത്തിലിറങ്ങി ഒരു ചാന്ദ്ര ദിനം ചന്ദ്രയാൻ പ്രവര്‍ത്തിക്കും. അതായത് 14 ഭൗമ ദിനങ്ങള്‍. ഈ സമയം ചന്ദ്രനെ പഠിക്കുകയും ഭാവി ദൗത്യങ്ങള്‍ക്കു വേണ്ട വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ചന്ദ്രയാൻ‑3 ലക്ഷ്യമിടുന്നത്.
English summary;Chandrayaan‑3 into lunar orbit today
you may also like this video;