ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യം എന്ന ഖ്യാതി രാജ്യത്തിന് നേടിക്കൊടുത്ത ഐഎസ് ആർഒ മേധാവി എസ് സോമനാഥിന്റെ നേട്ടം കേരളത്തിനും സ്വന്തം. ആലപ്പുഴ ജില്ലയിലെ തുറവൂർ വളമംഗലം വേടാംപറമ്പിൽ പരേതരായ ശ്രീധരപ്പണിക്കർ — തങ്കമ്മ ദമ്പതികളുടെ മകനാണ് അദ്ദേഹം. പൂച്ചാക്കലിൽ ആണ് ഭാര്യ വത്സലാദേവിയുടെ വീട്. കുടുംബവീട് തുറവൂരാണെങ്കിലും അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം അരൂർ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലായിരുന്നു. പിതാവ് വളപട്ടണത്ത് സ്കൂൾ അധ്യാപകനായിരുന്നതിനാൽ അമ്മ തങ്കമ്മയുടെ അരൂരിലെ വീട്ടിലായിരുന്നു ബാല്യം.
അരൂരിലെ സ്കൂൾ മുറ്റങ്ങളിലും ക്ലാസ് മുറികളിലും ശാസ്ത്രകൗതുകങ്ങൾ തിരഞ്ഞ ആ കണ്ണുകൾ ഇന്ന് ഏറെ ഉയരങ്ങളിൽ എത്തിയതിൽ ജന്മനാട് ആഹ്ലാദത്തിലാണ്. ഒമ്പത് വർഷം മുമ്പ് കുടുംബവീട്ടിൽ നിന്ന് ശ്രീധരപ്പണിക്കരെയും തങ്കമ്മയെയും തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിലെ വീട്ടിലേക്ക് കൊണ്ടുപോയതാണ് സോമനാഥ്. അദ്ദേഹം അവസാനമായി കുടുംബ വീട്ടിലെത്തിയത് കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലായിരുന്നു. അതിനിടയിലാണ് വിഎസ്എസ്‌സി ഡയറക്ടർ സ്ഥാനത്തുന്നിനും ഐഎസ്ആർഒയുടെ തലപ്പത്ത് എത്തുന്നത്.
ചന്ദ്രയാൻ രണ്ടിന്റെ ഭാഗിക പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് ദീർഘനാളത്തെ പരീക്ഷണങ്ങളുടെ ഫലമായിട്ടായിരുന്നു ചന്ദ്രയാൻ മൂന്ന് വികസിപ്പിച്ചെടുത്തത്. ചുമതലയേറ്റ ആദ്യ ദൗത്യം തന്നെ കൃത്യതയോടെ വിജയിപ്പിക്കാൻ അദ്ദേഹത്തിനും ഐഎസ്ആർഒ ടീമിനും കഴിഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഇതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സോഫ്റ്റ് ലാന്‍ഡ് പ്രക്രിയ ആരംഭിച്ച സമയം മുതൽ വളരെ പ്രസന്നനായിരുന്നു അദ്ദേഹം. എല്ലാം ശുഭകരമായി അവസാനിക്കുമെന്ന ആത്മവിശ്വാസം മിഷന്റെ അവസാനഘട്ടം വരെ ഉണ്ടായിരുന്നു.
പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ സോമനാഥ്, ശാസ്ത്രലോകത്ത് ഉന്നത ശ്രേണിയിലെത്തിയത് കഠിനാധ്വാനത്തിന്റെ ഫലമയാണ്. ചന്ദ്രയാൻ ദൗത്യം കാണുന്നതിന് തന്റെ സഹപാഠികളെ ഐഎസ്ആർഒ ആസ്ഥാനത്തേക്ക് ക്ഷണിക്കാനും അദ്ദേഹം മറന്നില്ല.
English Summary: Chandrayaan 3: Kerala shines with pride
You may also like this video