ചാന്ദ്രരഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ആദ്യഘട്ടം പരിപൂര്‍ണ വിജയം. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 2.35നാണ് ചന്ദ്രയാന്‍ മൂന്ന് വഹിച്ചുള്ള എൽവിഎം മൂന്ന്-എം നാല് എന്ന പടുകൂറ്റന്‍ റോക്കറ്റ് ആകാശത്തിലേക്ക് കുതിച്ചുയര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ആരംഭിച്ച് 25 മണിക്കൂര്‍ 30 മിനിറ്റുള്ള കൗണ്ട്ഡൗണിനിടയിലെ പ്രക്രിയകളെല്ലാം കൃത്യമായി പൂര്‍ത്തിയാക്കി നിശ്ചിത സമയത്തുതന്നെ വിക്ഷേപണത്തറയില്‍ നിന്ന് റോക്കറ്റ് ചന്ദ്രയാന്‍ മൂന്നിനെ വഹിച്ച് ആകാശയാത്ര ആരംഭിച്ചു. 22-ാം മിനിറ്റില്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയതോടെ ചന്ദ്രയാന്റെ വിക്ഷേപണമെന്ന ആദ്യഘട്ടം പൂര്‍ണവിജയമായെന്ന് പ്രഖ്യാപനം വന്നു. ഇനിയും ചിലഘട്ടങ്ങള്‍ പിന്നിടുമ്പോഴാണ് ദൗത്യം നൂറുശതമാനം പൂര്‍ണതയിലെത്തുക. ഭൂമിയുടെ ആകര്‍ഷണവലയം ഭേദിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കുക, പിന്നീട് വേഗം കുറച്ച് ചന്ദ്രന്റെ നൂറു കിലോമീറ്ററും പിന്നീട് പ്രൊപ്പൽഷൻ മോഡ്യൂൾ വേർപെട്ട് വീണ്ടും 50 കിലോമീറ്ററും അരികിലേക്ക് നീങ്ങണം. ഓഗസ്റ്റ് 23ന് പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പതുക്കെ ഇറക്കും (സോഫ്‌റ്റ് ലാൻഡിങ്). ഇതോടെ ഒരു യന്ത്രപേടകത്തെ ചന്ദ്രനിൽ പതുക്കെ ഇറക്കുന്ന (സോഫ്‌റ്റ് ലാൻഡിങ്) നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യയുടേതാകും. ഇതിനകം പഴയ യുഎസ്എസ്ആര്‍, യുഎസ്എ, ചൈന എന്നീ രാജ്യങ്ങള്‍ക്കാണ് ഈ നേട്ടം കൈവരിക്കാനായത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് മണല്‍ ശേഖരിച്ച് വിശകലനം നടത്തി വിവരങ്ങള്‍ കൈമാറുക എന്ന ഘട്ടം കൂടി കഴിയുമ്പോള്‍ ചന്ദ്രയാന്‍ മൂന്നിന്റെ സമ്പൂര്‍ണ വിജയഘട്ടം പൂര്‍ത്തിയാകും. അതിനായാണ് ഇനിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ്.
ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ പ്രതിരോധം: ലഡാക്കിലെ ചൈനീസ് ടെന്റുകള്‍ പൊളിച്ചുനീക്കി
മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രയാന്‍ രണ്ട് ദൗത്യം 95 ശതമാനം വരെ വിജയം കണ്ടതിന്റെ വെളിച്ചത്തില്‍ ഈ ദൗത്യം നൂറുശതമാനത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ ഒന്ന് 2008 ഒക്ടോബര്‍ 22നായിരുന്നു. ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ ലോകത്തിന് നല്‍കിയ ഈ ദൗത്യത്തിലൂടെ ത്രിവര്‍ണ പതാക പതിച്ച പേടകത്തെ ഇടിച്ചിറക്കിയ രാജ്യമായും ഇന്ത്യ മാറി. പത്തുമാസത്തോളം നീണ്ട പ്രവര്‍ത്തനത്തിനുശേഷമായിരുന്നു ചന്ദ്രയാന്‍ ഒന്നിന്റെ ബന്ധം നഷ്ടമാകുന്നത്. എങ്കിലും ചാന്ദ്രദൗത്യത്തില്‍ ഇന്ത്യക്ക് ആദ്യപട്ടികയില്‍ സ്ഥാനം ലഭിക്കുന്നതിന് ചന്ദ്രയാന്‍ ഒന്ന് കാരണമായി. 10വര്‍ഷങ്ങള്‍ക്കുശേഷം 2019ലായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍ രണ്ട്. പര്യവേക്ഷണ പേടകമായ വിക്രം ലാന്‍ഡറിനെ ഇടിച്ചിറക്കുക എന്നതിനു പകരം ദക്ഷിണധ്രുവത്തില്‍ പതുക്കെ ഇറക്കുക (സോഫ്‌റ്റ് ലാൻഡിങ്) എന്നതായിരുന്നു ലക്ഷ്യം. ആദ്യവിക്ഷേപണം മാറ്റേണ്ടിവന്നുവെങ്കിലും രണ്ടാം വിക്ഷേപണവും തുടര്‍ന്നുള്ള ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. 2019 ജൂലൈ 14നായിരുന്നു ആദ്യവിക്ഷേപണം നിശ്ചയിച്ചിരുന്നത്. അവസാനഘട്ടത്തില്‍ അത് മാറ്റി, 22നാണ് വിജയകരമായി വിക്ഷേപണം നടത്തിയത്. എന്നാല്‍ സെപ്റ്റംബര്‍ ആറിന് സോഫ്‌റ്റ് ലാൻഡിങ് പരാജയമാകുകയായിരുന്നു. അതുകൊണ്ടാണ് 95 ശതമാനം വിജയകരമെന്ന് ഐഎസ്ആര്‍ഒ വിലയിരുത്തിയത്. ചന്ദ്രയാന്‍ രണ്ടിന്റെ പോരായ്മകള്‍ മുഴുവന്‍ പരിഹരിച്ചും ലക്ഷ്യം നേടുന്നതിനുള്ള ജാഗ്രതയോടെയുമാണ് ചന്ദ്രയാന്‍ മൂന്ന് വിജയകരമായി വിക്ഷേപിച്ചിരിക്കുന്നത്. നൂറു ശതമാനം വിജയത്തിലെത്തി, ഇത് ബഹിരാകാശ പര്യവേക്ഷണരംഗത്ത് ഇന്ത്യയുടെ സ്ഥാനം കൂടുതല്‍ മുന്നിലെത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്.
ഇതുകൂടി വായിക്കൂ: രാജ്യം ഒരു വ്യക്തിയുടെതോ പാർട്ടിയുടെതോ അല്ല
വിക്ഷേപണം വിജയകരമായിരുന്നു എന്നറിയിച്ച ഐഎസ്ആര്‍ഒ ചെയര്‍മാന്‍, മലയാളി കൂടിയായ എസ് സോമനാഥിന്റെ വാക്കുകളാണ് ഈ കുറിപ്പിന്റെ തലക്കെട്ടാക്കിയിരിക്കുന്നത്. അത് ശരിയുമാണ്. ഇത് രാജ്യത്തിന്റെ നേട്ടമാണ്. എന്നാല്‍ ഇത് പ്രത്യേക നയസമീപനങ്ങളുടെയും വിശ്വാസ പ്രമാണങ്ങളുടെയും വിജയമാണെന്ന് വരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിക്ഷേപണ വിജയത്തിന്റെ വാര്‍ത്തകള്‍ വന്നശേഷം അതുപോലുള്ള പ്രതികരണങ്ങളാണുണ്ടായത്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്റെ വിവിധ നയങ്ങളുടെ ഭാഗമാണെന്ന തരത്തിലായിരുന്നു കേന്ദ്ര ഭരണാധികാരികളുടെ പ്രതികരണങ്ങള്‍ എന്നത് അതാണ് വ്യക്തമാക്കുന്നത്. അപലപനീയമായ അത്തരം പ്രതികരണങ്ങള്‍ക്കും പ്രചരണങ്ങള്‍ക്കും ബലമേകുന്ന ചില സമീപനങ്ങള്‍ വിക്ഷേപണത്തലേന്ന് ചില ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്നുണ്ടാകുകയും ചെയ്തു. ചന്ദ്രയാന്‍ മൂന്ന് പേടകത്തിന്റെ ചെറുമാതൃകകളുമായി ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെത്തുകയും പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്തു എന്നത് അതിന്റെ ഉദാഹരണമാണ്. ചന്ദ്രയാന്‍ ദൗത്യമെന്നത് അന്ധവിശ്വാസങ്ങളെ നിരാകരിക്കുന്ന ഒന്നാണ്. ശാസ്ത്രത്തിന്റെ കുതിപ്പിനെയും ഭൗതികനേട്ടങ്ങളെയുമാണ് എല്ലാ ബഹിരാകാശ ദൗത്യങ്ങളും അടയാളപ്പെടുത്തുന്നത്. എന്നാല്‍ പൂജ പോലുള്ള നടപടികള്‍ ശാസ്ത്ര നേട്ടങ്ങളെ അന്ധവിശ്വാസം കൊണ്ട് റദ്ദ് ചെയ്യുന്നതിന് തുല്യമാണ്. വര്‍ഷങ്ങളായി പഠനം നടത്തുകയും ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്ത പൂര്‍വഗാമികളും ഇപ്പോഴും ആ പാത പിന്തുടരുന്ന ശാസ്ത്രജ്ഞരും ഗവേഷകരും നടത്തിയ കഠിനപ്രയത്നത്തെ ചെറുതാക്കുന്ന സമീപനം കൂടിയാണ് അത്തരം നടപടികളെന്ന് പറയാതെവയ്യ. ഏതായാലും ഇന്ത്യയുടെ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും ഗവേഷകരെയും ഹൃദയത്തോട് ചേര്‍ക്കുന്നു.