Site iconSite icon Janayugom Online

ചന്ദ്രയാന്‍ 3: റോക്കറ്റ് സംയോജനം പൂര്‍ത്തിയായി

ചന്ദ്രയാന്‍-3, ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി എംകെ-3 യുമായി സംയോജിപ്പിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ). ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ നിലയത്തിലാണ് സംയോജനം പൂര്‍ത്തിയാക്കിയത്. ബംഗളൂരുവിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററിലാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള പേലോഡ് വിജയകരമായി കൂട്ടിയോജിപ്പിച്ചത്. ശേഷം ശ്രീഹരിക്കോട്ടയിലെത്തിച്ച് ജിഎസ്എല്‍വി എംകെ-3 യുമായി സംയോജിപ്പിച്ചു.

എന്നാല്‍ ചന്ദ്രയാൻ 3 വിക്ഷേപണ ദിവസം ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 12നും 19നും ഇടയിലാകും വിക്ഷേപണം എന്നാണ് പ്രതീക്ഷിക്കുന്നത്. സാധ്യമായതില്‍ ഏറ്റവും അടുത്ത തീയതിയില്‍ ചന്ദ്രയാൻ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥ് വ്യക്തമാക്കി. ചന്ദ്രയാൻ‑2ന്റെ പിന്തുടര്‍ച്ചയായിട്ടാണ് ചന്ദ്രയാൻ‑3 വിക്ഷേപിക്കുന്നത്. ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്താനാണ് ചന്ദ്രയാൻ‑3 ലക്ഷ്യമിടുന്നത്. ഒരു തദ്ദേശീയ ലാൻഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍, റോവര്‍ എന്നിവ ദൗത്യത്തിലുണ്ടാകും. എന്നാല്‍ ഓര്‍ബിറ്റര്‍ ഉണ്ടായിരിക്കില്ല.

Eng­lish Sum­ma­ry: Chandrayaan‑3 launch
You may also like this video

Exit mobile version