Site iconSite icon Janayugom Online

ചന്ദ്രയാൻ‑3; ആദ്യ ശാസ്ത്രീയ വിവരങ്ങള്‍ ഭൂമിയിലെത്തി

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്നുള്ള ആദ്യ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമാക്കി ചന്ദ്രയാൻ‑3. ചന്ദ്രോപരിതലത്തിലും ആഴത്തിലും താപനിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ വിവരങ്ങളാണ് റോവര്‍ രേഖപ്പെടുത്തി ഭൂമിയിലെത്തിച്ചത്.
ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ ആദ്യമായാണ് ചന്ദ്രോപരിതലത്തിലെ താപനിലയുടെ വിവരങ്ങള്‍ ലഭ്യമാകുന്നത്. ഓഗസ്റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി നാലു ദിവസമാകുമ്പോഴാണ് ചന്ദ്രനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഐഎസ്ആർഒ പങ്കുവച്ചിരിക്കുന്നത്.
താപചാലകത, താപ വ്യതിയാനം എന്നിവ നിരീക്ഷിക്കുന്നതിനുള്ള ചന്ദ്രാസ് സര്‍ഫസ് തെര്‍മോഫിസിക്കല്‍ എക്സ്പിരിമെന്റ് അഥവാ ചാസ്റ്റ് ആണ് ചന്ദ്രോപരിതലത്തിലെ താപനില സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
10 സെന്റിമീറ്റര്‍ വരെ താഴ്ചയിലുള്ള താപനില പരിശോധിക്കാൻ ചാസ്റ്റിനാകുമെന്നും 10 താപനില പരിശോധനാ ഉപകരണങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ബഹിരാകാശ ഗവേഷണ കേന്ദ്രം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രന് അന്തരീക്ഷമില്ലെന്നും ചന്ദ്രോപരിതലത്തില്‍ താപനിലയില്‍ വലിയ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതായും കണ്ടെത്തി. പത്ത് സെന്റിമീറ്റർ വരെയുള്ള വ്യത്യസ്ത ആഴങ്ങളിലെ താപവ്യതിയാനത്തിന്റെ ഗ്രാഫും ഐഎസ്ആർഒ പങ്കുവച്ചിട്ടുണ്ട്. ദക്ഷിണ ധ്രുവത്തിനെ പറ്റി വിശദാംശങ്ങള്‍ പുറത്തുവരുന്നത് ആദ്യമായാണെന്നും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടന്നുവരുന്നതായും ഐഎസ്ആര്‍ഒ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.

Eng­lish sum­ma­ry; Chandrayaan‑3; The first sci­en­tif­ic infor­ma­tion reached Earth

you may also like this video;

Exit mobile version