Site iconSite icon Janayugom Online

ചന്ദ്രയാന്‍ 3 ; റോവര്‍ പ്രവര്‍ത്തനം തുടങ്ങി

ചന്ദ്രയാന്‍ 3 ദൗത്യത്തിലെ ലാൻഡറില്‍ നിന്ന് പുറത്തുവന്ന റോവര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സോഫ്റ്റ് ലാൻഡിങ്ങിന് നാല് മണിക്കൂറിനു ശേഷമാണ് റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങിയത്. ഇന്ത്യയുടെ അശോകസ്തംഭവും ഐഎസ്ആര്‍ഒ ലോഗോയും റോവര്‍ ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ചു.
ചന്ദ്രയാന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രതീക്ഷിച്ച പോലെ നടക്കുന്നതായി ഐഎസ്ആര്‍ഒ ഇന്നലെ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. ലാൻഡര്‍ മൊഡ്യൂള്‍ പേലോഡുകളായ ഐഎല്‍എസ്എ, രംഭ, ചാസ്റ്റ് എന്നിവ പ്രവര്‍ത്തനം ആരംഭിച്ചതായും അറിയിപ്പിലുണ്ട്. ചന്ദ്രന്റെ അന്തരീക്ഷം, പ്രകൃതി മൂലകങ്ങള്‍ എന്നിവയിലെ ശാസ്ത്രീയ പരീക്ഷണമാണ് ഇവയുടെ ലക്ഷ്യം. റോവര്‍ നല്‍കുന്ന വിവരങ്ങള്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ നിര്‍ണായകമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
പഠനത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ റോവര്‍ ലാൻഡറിന് കൈമാറും. ലാൻഡര്‍ അത് ഓര്‍ബിറ്ററിനും ഓര്‍ബിറ്റര്‍ ഭൂമിയിലേക്കും എത്തിക്കും. പ്രൊപ്പല്‍ഷൻ മൊഡ്യൂളിലെ ഷേപ്പ് പേലോഡ് ഞായറാഴ്ച തന്നെ പ്രവര്‍ത്തനം തുടങ്ങിയതായി ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. ലാൻഡറില്‍ നിന്ന് പുറത്തുവരുന്ന റോവറിന്റെ ആദ്യ ചിത്രം ഇന്ത്യൻ നാഷണല്‍ സ്പേസ് പ്രമോഷൻ ചെയര്‍മാൻ പവൻ കെ ഗോയങ്ക പങ്കുവച്ചിരുന്നു. 

നാലാം ചാന്ദ്രദൗത്യം ‘ലൂപെക്സ്’

ന്യൂഡല്‍ഹി: ചന്ദ്രയാൻ 3 വിജയത്തിന് പിന്നാലെ നാലാം ചാന്ദ്രദൗത്യത്തിനൊരുങ്ങി ഇന്ത്യ. ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി(ജാക്സ)യുമായി ചേ‍ർന്നാണ് ചന്ദ്രയാൻ 4 ദൗത്യം നടപ്പാക്കുക. ലൂണാർ പോളാർ എക്സ്പ്ലൊറേഷൻ മിഷൻ (ലൂപെക്സ്) എന്ന പേരും നല്‍കി.
ജലസാന്നിധ്യത്തിന് സാധ്യതയുള്ള ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ തന്നെയായിരിക്കും ഈ ദൗത്യവും ശ്രദ്ധ കേന്ദ്രീകരിക്കുക. എത്രമാത്രം ജലം ചന്ദ്രോപരിതലത്തിൽ ലഭ്യമാണെന്നും അത് ഉപയോഗിക്കാൻ സാധിക്കുമോയെന്നും പരിശോധിക്കുകയാണ് ലക്ഷ്യം. 2026ഓടു കൂടി വിക്ഷേപണം സാധ്യമാക്കാനാണ് പദ്ധതിയിടുന്നതെന്നും സൂചനയുണ്ട്. 

Eng­lish Sum­ma­ry: Chan­drayaan 3; The rover is operational

You may also like this video

Exit mobile version