Site icon Janayugom Online

ചന്ദ്രനിലെ ശിവശക്തിയും പരിഷത്തും

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വളരെ ശ്രദ്ധേയമായ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നു. ചന്ദ്രയാൻ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നു പേരിട്ടത് അനുചിതമാണെന്നും അതിനാൽ ആ നാമകരണം പിൻവലിക്കണമെന്നുമാണ് പരിഷത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ക്ഷേത്രദർശനം തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിനു ചന്ദ്രയാൻ മിഷനുമായി ബന്ധമൊന്നുമില്ലെന്നും തുറന്നുപറഞ്ഞ ബഹിരാകാശ ഗവേഷണകേന്ദ്രം മേധാവി പോലും സർക്കാരിന് പേരിടാനുള്ള അധികാരമുണ്ടെന്നു സാധൂകരിച്ചതിന്റെ പശ്ചാത്തലത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അഭിപ്രായം പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്. ശാസ്ത്രാവബോധം ഉണ്ടാക്കേണ്ടത് പൗരന്റെ ചുമതലയാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളതും മതേതര സ്വഭാവമുള്ളതുമായ നമ്മുടെ ഭരണഘടനയുടെ ലംഘനമാണ് ശിവശക്തിയെന്ന മതപരമായ പേരെന്നത് ഭരണകൂടം മനഃപൂർവം മറന്നു. നിയമ നിർമ്മാണസഭയിലെ ഭൂരിപക്ഷം, ഭരണകക്ഷിയുടെ വർഗീയതാല്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മനസമ്മതം അല്ലെന്നുള്ള വസ്തുതയും ഭരണകൂടം കണ്ടില്ലെന്നു നടിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പറഞ്ഞിരിക്കുന്നത് ഇന്ത്യയിലെ എല്ലാ പുരോഗമന വാദികളുടെയും അഭിപ്രായമാണ്. ബാലറ്റ് പ്രണയമുള്ള രാഷ്ട്രീയപാർട്ടികൾ പരസ്യമായി പറയാതെ പോയ അഭിപ്രായം. ബഹിരാകാശത്തിലെ ഇടങ്ങൾക്ക് പേരിടുന്നതിന് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച മാനദണ്ഡങ്ങൾ ഇന്ത്യ അവഗണിച്ചു. അവിടെ മിത്തുകൾക്ക് ഒരു സ്ഥാനവുമില്ല.

ആദ്യമായി മനുഷ്യനെ ബഹിരാകാശത്തെത്തിച്ച സോവിയറ്റ് യൂണിയനോ മനുഷ്യനെ ചന്ദ്രനിലെത്തിച്ച അമേരിക്കയോ വ്യാളിയടക്കം നിരവധി മിത്തുകളുടെ ആവാസഭൂമിയായ ചൈനയോ ആ വഴിക്ക് ആലോചിച്ചില്ല. ഈ രാജ്യങ്ങൾ ആദ്യം അവിടെയുള്ള മനുഷ്യരുടെ പട്ടിണിമാറ്റിയിട്ടാണ് ബഹിരാകാശ യാത്രയ്ക്കൊരുങ്ങിയതെന്ന വസ്തുത, അഭിമാനത്തിന്റെ കുപ്പായക്കീശയിൽ നമുക്ക് മറച്ചുവയ്ക്കാം. എന്നാലും ഈ രാജ്യങ്ങളൊന്നും അവരെത്തിയ ഇടങ്ങൾക്ക് യഹോവമുക്കെന്നോ കർത്താവുകവലയെന്നോ ഡ്രാഗൺ ജങ്ഷനെന്നോ പേരിട്ടില്ല. മിത്തില്ലാഞ്ഞിട്ടല്ല, ശാസ്ത്രബോധമുള്ളതുകൊണ്ടാണ് ആ രാജ്യങ്ങൾ അതിനു തുനിയാതിരുന്നത്. മതഭരണഘടനയുള്ള ഏതെങ്കിലും അറേബ്യൻ രാജ്യം അവിടെയെത്തിയാലും അവർ അള്ളാഹുമുക്കെന്നൊന്നും പേരിടില്ല. വിശ്വാസങ്ങളെ അവർ ബഹിരാകാശത്ത് ദുർവിനിയോഗം ചെയ്യില്ല. ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്നിൽ നാണം കെടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ശിവശക്തി നാമകരണത്തെ തുടർന്ന് ചന്ദ്രനെ ഹിന്ദുരാജ്യമായി പ്രഖ്യാപിക്കണമെന്ന് പോലും ഭ്രാന്തവചനങ്ങളുണ്ടായി. ഇന്ത്യൻ ശാസ്ത്രലോകം പുതുതായി വികസിപ്പിച്ചെടുത്ത താമരയിനത്തിന് സിഎസ്ഐആർ നമോ 108 എന്നു നാമകരണം ചെയ്തതിനെയും പരിഷത്ത് അപലപിച്ചിട്ടുണ്ട്. പൂവിനെപ്പോലും ഹിന്ദുമത തീവ്രവാദത്തിന്റെ അടയാളമാക്കി മാറ്റുന്നത് പ്രാകൃതയുഗത്തിലേക്ക് ഒരു രാജ്യത്തെ അതിന്റെ ഭരണകൂടം നയിക്കുന്നു എന്നതിന്റെ തെളിവാണ്. ഇക്കാര്യങ്ങളിൽ ബഹിരാകാശത്തേക്കല്ല ഇന്ത്യ കുതിച്ചത്, അധോലോകത്തിലേക്കാണ്.


ഇതുകൂടി വായിക്കൂ: ചന്ദ്രമണ്ഡലത്തില്‍ ഒന്നാമതിന്ത്യ


മനുഷ്യസങ്കല്പത്തിലെ മനോഹാരിതകളാണ് മിത്തുകൾ. അവയെ മതങ്ങൾ മനുഷ്യചൂഷണത്തിന് ഉപയോഗിക്കുകയാണ്. വിഷപ്പാമ്പുകൾക്ക് അതിജീവനം അസാധ്യമായ ഹിമാലയത്തിലെ ഒരു കൊടുമുടിയാണ് കൈലാസം. അവിടെ മൂർഖനെ കഴുത്തിൽ ചുറ്റി ഇരിക്കുന്നതായിട്ടാണ് ശിവനെ സങ്കല്പിച്ചത്. ഷർട്ടിനെ കുറിച്ചു ധാരണയില്ലാത്ത കാലത്തെ സങ്കല്പമായതിനാൽ പരമശിവന് ഇംഗ്ലീഷ് ശൈലിയിൽ കോളറും മുഴുക്കയ്യുമുള്ള ഷർട്ടില്ല. പാർവതിയെ പിന്നെ വന്നവർ സാരിയും ബ്ലൗസുമൊക്കെ ധരിപ്പിച്ചു. വടക്കേ ഇന്ത്യയിൽ ഇന്ന് സാർവത്രികമായ ചുരിദാരിന്റെ കണ്ടെത്തലും അന്ന് ഉണ്ടായിരുന്നില്ല. ശിവന്റെ ജാരത്തിയായ ഗംഗയെയും തേങ്ങാപ്പൂളുപോലുള്ള അമ്പിളിക്കലയെയും ശിവശീർഷത്തിൽ സങ്കല്പചക്രവർത്തിമാർ സ്ഥാപിച്ചു. ശിവസ്തുതികൾ ഭാരതീയ ഭക്തിസാഹിത്യത്തിൽ പ്രധാനസരണിയായി. അല്ലാതെ ഇതൊന്നും ചരിത്രവസ്തുതകളോ ശാസ്ത്രമുദ്രകളോ അല്ല. ശാസ്ത്രസമൂഹം നിർവഹിക്കേണ്ട ചുമതലകൾ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളാക്കി മാറ്റുന്നത് ഒട്ടും അഭിലഷണീയമല്ലെന്നും പരിഷത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ചാന്ദ്രപര്യവേഷണത്തിലെ മനുഷ്യരാശിയുടെ മുന്നേറ്റത്തിൽ ശാസ്ത്രബോധമുള്ളവരെല്ലാം അഭിമാനിക്കുന്നുണ്ട്. അതോടൊപ്പം അയുക്തികളിലെ അപകടം ചൂണ്ടിക്കാണിച്ച കേരളശാസ്ത്രസാഹിത്യ പരിഷത്തിന്റെ സത്യസന്ധമായ ഈ നിലപാടിനെ അഭിനന്ദിക്കുന്നു.

Exit mobile version