Site iconSite icon Janayugom Online

പാട്ടുപാടിയും കൂട്ടുകൂടിയു ചങ്ങാത്തപ്പന്തലില്‍ അവര്‍…

changathamchangatham

പാട്ടുപാടിയും കൂട്ടു കൂടിയും സന്തോഷം പങ്കുവെച്ചും അവര്‍ ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്നു. ശാരീരിക അവശതകള്‍ കാരണം വീടുകളുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടി വന്ന ഇവര്‍ക്കെല്ലാം കൂട്ടായ്മ പകര്‍ന്നത് അവിസ്മരണീയമായ അനുഭവം. ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ഏയ്ഞ്ചല്‍ സ്റ്റാറിന്റെ ഒന്‍പതാം വാര്‍ഷികം ’ ചങ്ങാത്തപ്പന്തല്‍’ ചേമഞ്ചേരിയിലെ അഭയം സ്‌പെഷ്യല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടന്നു. കോവി ഡ് പ്രതിസന്ധി കാരണം ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അഭയം സ്‌പെഷ്യല്‍ സ്‌കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ചലച്ചിത്ര നടന്‍ നവാസ് വള്ളിക്കുന്ന്, ജാനു താമാശ ഫെയിം ലിധി ലാല്‍ തുടങ്ങിയവര്‍ അതിഥികളായെത്തി. ഏയ്ഞ്ചല്‍ സ്റ്റാര്‍സ് പ്രസിഡന്റ് പ്രഭാകരന്‍, സെക്രട്ടറി സാബിറ, ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, മധുലാല്‍ കൊയിലാണ്ടി, ഷൈജു പേരാമ്പ്ര, അശോകന്‍ കോട്ട്, ബിനേഷ് ചേമഞ്ചേരി, സത്യനാഥന്‍ മാടഞ്ചേരി, പ്രകാശന്‍, കോയ, മിനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ജീവിതം കട്ടിലിലും വീല്‍ ചെയറിലുമായി ഒതുങ്ങേണ്ടിവന്നവര്‍ക്കായി ആരംഭിച്ചതാണ് ഏയ്ഞ്ചല്‍ സ്റ്റാര്‍. ഒന്നര വയസ്സില്‍ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറ കെ പാറക്കലും അപകടത്തില്‍ പരിക്കേറ്റ് ജീവിതം വീല്‍ ചെയറിലായ പ്രഭാകരന്‍ എളാട്ടേരിയും ചേര്‍ന്ന് 2013 ഫെബ്രുവരിയിലാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മ ഇന്ന് ജില്ലയിലെയും മറ്റു ജില്ലകളിലെയും ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരുടെ ആശ്വാസകേന്ദ്രമാണ്.
വര്‍ഷത്തില്‍ രണ്ടു തവണ ഏയ്ഞ്ചല്‍ സ്റ്റാര്‍ ഭിന്നശേഷിക്കാരുടെ കലാപരിപാടികളും കിടപ്പിലായവരുടെ ഒത്തുചേരലുകളും സംഘടിപ്പിക്കാറുണ്ട്.
കോവിഡ് കാലത്ത് കൂട്ടായ്മയിലുള്ളവര്‍ക്ക് സംഘടനയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണവും മെഡിക്കല്‍ സഹായവും ഉള്‍പ്പെടെ ലഭ്യമാക്കിയിരുന്നു. .

Exit mobile version