സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതികളിൽ മാറ്റം വരുത്തി. 2026 മാർച്ച് 3ന് നടത്താനിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. മറ്റ് പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. പുതുക്കിയ കലണ്ടർ പ്രകാരം മാർച്ച് 3ന് നടക്കേണ്ടിയിരുന്ന പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 11ലേക്ക് മാറ്റി. ഇതിൽ തിബറ്റൻ, ജർമ്മൻ, എൻസിസി, ജാപ്പനീസ്, സ്പാനിഷ്, കാശ്മീരി തുടങ്ങി വിവിധ ഭാഷാ പരീക്ഷകളും ഇലക്ടീവ് വിഷയങ്ങളുമാണ് ഉൾപ്പെടുന്നത്. പന്ത്രണ്ടാം ക്ലാസുകാർക്ക് മാർച്ച് 3ന് നടക്കേണ്ടിയിരുന്ന ലീഗൽ സ്റ്റഡീസ് പരീക്ഷ ഏപ്രിൽ 10ലേക്കാണ് മാറ്റിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒരു മാസത്തിലേറെ നീട്ടിവെച്ചു എന്ന പ്രത്യേകതയുമുണ്ട്. പുതുക്കിയ തീയതികൾ വിദ്യാർത്ഥികളുടെ അഡ്മിറ്റ് കാർഡുകളിൽ രേഖപ്പെടുത്തുമെന്നും പരീക്ഷാ തയ്യാറെടുപ്പുകളിൽ ആശയക്കുഴപ്പം ഒഴിവാക്കാൻ സ്കൂളുകൾ ഈ വിവരം രക്ഷിതാക്കളെയും കുട്ടികളെയും എത്രയും വേഗം അറിയിക്കണമെന്നും ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ തീയതികളിൽ മാറ്റം; ലീഗൽ സ്റ്റഡീസ് പരീക്ഷ ഏപ്രിൽ 10ന്

