Site iconSite icon Janayugom Online

മിന്നൽ പ്രളയം വ്യാജ പ്രചാരണം: പശ്ചിമതീരത്ത് മേഘവിസ്ഫോടനങ്ങൾക്ക് അനുകൂലമായ ഘടനാമാറ്റം

സംസ്ഥാനത്ത് ഇത്തവണയും കാലവര്‍ഷം കനക്കുമെന്ന് വിലയിരുത്തല്‍. മൺസൂൺ സംബന്ധിച്ച് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (കുസാറ്റ്) പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നേച്ചർ മാഗസിന്റെ പോർട്ട്ഫോളിയോ ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മേഘവിസ്ഫോടനങ്ങൾക്ക് അനുകൂലമാകുന്ന രീതിയിൽ പശ്ചിമതീരത്ത് ഘടനാപരമായ മാറ്റം സംഭവിക്കുകയാണെന്ന് പഠനം വിലയിരുത്തുന്നു. കുസാറ്റിൽ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്സ്മോസ്ഫറിക് റഡാർ റിസർച്ചിന്റെ ഡയറക്ടർ ഡോ. അഭിലാഷ് എസിന്റെ മേൽനോട്ടത്തിലാണ് പഠനം നടത്തിയത്.
കൂമ്പാര മേഘങ്ങളുടെ ആവിർഭാവവും തുടർന്നുണ്ടായ ചെറിയ തോതിലുള്ള മേഘവിസ്ഫോടനവുമാണ് 2019 ഓഗസ്റ്റ് മാസത്തിൽ കേരളം നേരിട്ട പ്രളയത്തിന് കാരണമെന്ന് നേരത്തെയുള്ള പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. മഴപ്പെയ്ത്തിന്റെ തീവ്രത കൂടുന്നതും അന്തരീക്ഷ അസ്ഥിരത വർധിക്കുന്നതും ഇത്തരം മാറ്റത്തെ സാധൂകരിക്കുന്ന സൂചകങ്ങളായും പഠനം വിലയിരുത്തുന്നു.

കഴിഞ്ഞ 30 വർഷത്തെ മൺസൂൺ കാലയളവിൽ സംസ്ഥാനത്തിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ രൂപപ്പെട്ട മേഘങ്ങളുടെ സ്വഭാവം പരിശോധിച്ചതിൽ ചില പ്രകടമായ മാറ്റങ്ങൾ കണ്ടെത്തുവാൻ സാധിച്ചതായി പഠനം ചൂണ്ടിക്കാട്ടുന്നു. പതിവ് രീതിയിൽ നിന്ന് വിഭിന്നമായി ചെറിയ സമയത്തിനുള്ളിൽ വലിയ മഴ നൽകുവാൻ പോന്ന രീതിയിൽ മേഘങ്ങളുടെ ഘടനയിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള മേഘങ്ങളുടെ സാന്നിധ്യം കൂടുതൽ കണ്ടുവരുന്നതായി പഠനത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ഇത്തരം മേഘങ്ങൾ നേരത്തെയും രൂപപെട്ടിട്ടുണ്ട്. എങ്കിലും മൺസൂൺ കാലത്ത് ഇത് പ്രത്യക്ഷപ്പെടാറില്ല. ഇക്കുറി ഇത്തരം മേഘങ്ങൾ ധാരാളമായി കണ്ടുവരുന്നതാണ് മഴ അധികമാകുമെന്ന നിഗമനത്തിലേയ്ക്ക് കുസാറ്റിലെ ശാസ്ത്രജ്ഞർ എത്തിയത്. ഈ പ്രതിഭാസം വരും വർഷങ്ങളിലും തുടരുവാനുള്ള സാധ്യതയും ഏറെയാണ് എന്നും പഠനത്തിൽ എടുത്തുകാണിക്കുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ അധികമഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അതിതീവ്രമഴയുടെ സാന്നിധ്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തി കഴിഞ്ഞു. അന്തരീക്ഷ താപനില ഉയർന്ന് നിൽക്കുന്നതും സമുദ്രതാപനിലയിലുണ്ടായ വർധനവും വഴി കൂടിവരുന്ന ബാഷ്പീകരണമാണ് അതിതീവ്ര മഴയിലേയ്ക്ക് നയിക്കുന്നതെന്ന് കുസാറ്റ് പഠനത്തിൽ വ്യക്തമാക്കുന്നു.

മിന്നൽ പ്രളയം വ്യാജ പ്രചാരണം

കാലവർഷത്തിന് പിന്നാലെ സംസ്ഥാനത്ത് മിന്നൽ പ്രളയമുണ്ടാകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കാലാവസ്ഥ വിദഗ്ധർ. പശ്ചിമതീരം മേഘവിസ്ഫോടനങ്ങൾക്ക് അനുകൂലമാകുന്ന രീതിയിൽ മാറുകയാണെന്ന സൂചനയെ മിന്നൽ പ്രളയമുണ്ടാകുമെന്ന രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നു.
കുസാറ്റ് റിപ്പോർട്ടിന്റെ ഒരുഭാഗത്തും ഈ വർഷം മിന്നൽ പ്രളയമെന്നോ അടുത്ത വർഷം മിന്നൽ പ്രളയസാധ്യതയെന്നോ പറയുന്നില്ല. ഈ കാലവർഷ കാലത്ത് പ്രളയത്തിന്റെ സാധ്യതയുണ്ടോയെന്ന് ഇപ്പോൾ പറയുവാൻ സാധിക്കുകയില്ലെന്നും സാങ്കേതികമായി പോലും അതിനുളള സംവിധാനങ്ങൾ ലഭ്യമല്ലെന്നും വിദഗ്ധര്‍ പറയുന്നു.

 

Eng­lish Sum­ma­ry: Rain; Change in cli­mate like­ly to cloud­bursts on the west coast

You may like this video also

Exit mobile version