Site iconSite icon Janayugom Online

സ്ഥലം മാറ്റം: തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസയച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച കംപ്ലയിന്‍സ് റിപ്പോര്‍ട്ടില്‍ കാലതാമസം വരുത്തിയതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. സെപ്റ്റംബര്‍ 30 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം.
ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം), പൊലീസ് സൂപ്രണ്ട് (എസ്‌പി), സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) തുടങ്ങിയ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം പൂര്‍ത്തിയാക്കുന്നതിലുള്ള കാലതാമസത്തെ തുടര്‍ന്നാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വെെകുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് കമ്മിഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടില്‍ കാലതാമസം വരുത്തിയതില്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാരിനോടും കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ നവംബര്‍ 12 നാണ് തെര‍ഞ്ഞെടുപ്പ്.
കഴിഞ്ഞ നാല് വർഷത്തിനിടെ ഒരു ജില്ലയിൽ മൂന്ന് വർഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് രണ്ട് സംസ്ഥാന സര്‍ക്കാരുകളോടും കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ ഉറപ്പാക്കാനാണ് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കമ്മിഷന്‍ ഇത്തരം നിർദ്ദേശങ്ങൾ നല്‍കുന്നത്.

Eng­lish Sum­ma­ry: Change of trans­fer: Elec­tion com­mis­sion sent notice

You may like this video also

Exit mobile version