ഇന്ത്യയിലെ കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ശുപാർശ ചെയ്തുകൊണ്ട് തമിഴ്‌നാട് സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോർട്ട് സമർപ്പിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ സമിതിയാണ് ഫെഡറൽ അധികാര പുനർനിർണയത്തിനുള്ള നിർണായക നിര്‍ദേശങ്ങൾ മുന്നോട്ടുവെച്ചത്. ഗവർണർ നിയമനം മുതൽ ഭരണഘടനാ ഭേദഗതി വരെ നീളുന്ന 200 പേജുള്ള റിപ്പോർട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കൈമാറി. ഗവർണർമാരുടെ വിവേചനാധികാരം സംസ്ഥാന ഭരണത്തെ തടസപ്പെടുത്തുന്നു എന്ന പരാതികൾക്കിടയിൽ സമിതിയുടെ റിപ്പോര്‍ട്ടിന് അതീവ പ്രാധാന്യം കല്പിക്കപ്പെടുന്നു. സംസ്ഥാന നിയമസഭ നിര്‍ദേശിക്കുന്ന മൂന്ന് പേരുകളിൽ ഒരാളെ മാത്രമേ രാഷ്ട്രപതി ഗവർണറായി നിയമിക്കാവൂവെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഇതിലൂടെ ഗവർണർ നിയമനത്തിൽ സംസ്ഥാനങ്ങളുടെ പങ്ക് ഉറപ്പാക്കാം. ഗവർണർക്ക് അഞ്ച് വർഷത്തെ ഒരു ടേം മാത്രമേ നൽകാവൂ. കാലാവധി കഴിഞ്ഞാൽ രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികൾ ഒഴികെയുള്ള മറ്റ് ഭരണഘടനാ പദവികൾ വഹിക്കുന്നതിൽ നിന്ന് ഇവരെ വിലക്കണം. ഗവർണറുടെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കണം. ബിസിനസ് റൂൾസിൽ മാറ്റം വരുത്തി ഗവർണർക്ക് ബില്ലുകൾ തടഞ്ഞുവെക്കാനുള്ള അധികാരം പരിമിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേന്ദ്രീകൃതമായ ഭരണസംവിധാനം രാജ്യത്തിന്റെ രാഷ്ട്രീയ പക്വതയ്ക്ക് നിരക്കാത്തതാണെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഏതൊരു ഭരണഘടനാ ഭേദഗതിക്കും രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെ പ്രതിനിധീകരിക്കുന്ന സംസ്ഥാനങ്ങളുടെ അംഗീകാരം നിർബന്ധമാക്കണം. സംസ്ഥാനങ്ങളുടെ അതിർത്തി പുനർനിർണയിക്കാനുള്ള പാർലമെന്റിന്റെ അധികാരം പരിമിതപ്പെടുത്തണം. പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ അനുമതി നിർബന്ധമാക്കണം. ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന സങ്കല്പം ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരാണെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷിനെ കേന്ദ്രത്തിന്റെ സ്ഥിരമായ ഔദ്യോഗിക ഭാഷയായി ഭരണഘടനാപരമായി നിലനിർത്തണം. പ്രാദേശിക ഭാഷകൾക്ക് അർഹമായ പ്രാധാന്യം നൽകണം. ജിഎസ്ടി കൗൺസിലിന്റെ തീരുമാനങ്ങൾ വെറും ഉപദേശ സ്വഭാവമുള്ളവ മാത്രമാകണം. വോട്ടിങ് രീതിയിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണം. വിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം (നീറ്റ് ഉൾപ്പെടെയുള്ളവ) എന്നിവയുടെ പൂർണ്ണ നിയന്ത്രണം സംസ്ഥാന പട്ടികയിലേക്ക് തിരികെ നൽകണം.
1991‑ലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് സമാനമായ ഒരു ‘ഫെഡറൽ പൊളിറ്റിക്കൽ റീഫോം’ ആണ് രാജ്യം ഇപ്പോൾ ആവശ്യപ്പെടുന്നതെന്ന് റിപ്പോർട്ട് ഉപസംഹരിക്കുന്നു. ഈ റിപ്പോർട്ട് മറ്റു സംസ്ഥാനങ്ങളുമായും ചർച്ച ചെയ്യുമെന്ന് തമിഴ്‌നാട് സർക്കാര്‍ അറിയിച്ചിട്ടുണ്ട്.

