ഒന്നാം വര്‍ഷം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കി ചരക പ്രതിജ്ഞ എടുത്ത സംഭവത്തില്‍ മധുര മെഡിക്കല്‍ കോളജ് ഡീനിനെ പുറത്താക്കി. ഡോ. എ രത്നവേലിനെയാണ് പുറത്താക്കിയത്. ഹിപ്പോക്രാറ്റിക് പ്രതിജ്ഞ ഒഴിവാക്കിയ നടപടി അപലപനീയമാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
ശനിയാഴ്ച മെഡിക്കല്‍ കോളജ് അധികൃതര്‍ ഒന്നാം വര്‍ഷക്കാര്‍ക്കായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിലാണ് വിദ്യാര്‍ത്ഥികള്‍ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്കു പകരം ചരക പ്രതിജ്ഞയെടുത്തത്. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട്
തമിഴ്‌നാട് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഡോ. എ രത്നവേലിന് നോട്ടീസ് അയച്ചിരുന്നു. സ്വീകരണ ചടങ്ങില്‍ സംസ്ഥാന ധനമന്ത്രി പളനിവേല്‍ തങ്കരാജന്‍, വാണിജ്യ നികുതി മന്ത്രി പി മൂര്‍ത്തി, ജില്ലാ കളക്ടര്‍ എസ് അനീഷ് ശേഖര്‍, ഡോ. എ രത്നവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സാ രംഗത്തേക്ക് കടക്കുന്നതിന് മുന്‍പേ ചരക പ്രതിജ്ഞ എടുക്കണമെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നേരത്തെ മാര്‍ഗനിര്‍ദേശം ഇറക്കിയിരുന്നു. എന്നാല്‍ ഇത്തരം നടപടിക്ക് ശുപാര്‍ശയില്ലെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ മറുപടി നല്‍കിയിരുന്നത്.
English Summary: Charakasapatham for medical students: Madurai Medical College dean fired
You may like this video also