ന്യൂസ് ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകയസ്‌തയ്ക്കെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 8000 പേജ് അടങ്ങുന്ന കുറ്റപത്രമാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഡൽഹി പട്യാല കോടതിയിൽ സമർപ്പിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ പ്രബീറിനെയും നിക്ഷേപകനും എച്ച്ആർ മേധാവിയുമായ അമിത് ചക്രവർത്തിയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിനെതിരെയും യുഎപിഎ ചുമത്തിയ പോലീസ് ഓഫീസ് പൂട്ടി സീൽ ചെയ്തിരുന്നു.
ന്യൂസ് ക്ലിക്ക് ഓഫീസിലും പ്രബിർ പുർകയസ്ഥയുമായി സഹകരിക്കുന്ന മാധ്യമപ്രവർത്തകരുടെയുൾപ്പെടെ വസതികളിലും പൊലീസ് സ്പെഷ്യൽ സെൽ റെയ്‌ഡ് നടത്തി ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം രാത്രി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്‌റ്റിനുള്ള കാരണങ്ങൾ പോലും വിശദീകരിക്കാതെയാണ് ഇരുവരെയും ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ചത്. ഡൽഹി പൊലീസിന് പട്യാല ഹൗസ് കോടതി കഴിഞ്ഞ വർഷം ഡിസംബറിൽ കുറ്റപത്രം സമർപ്പിക്കാൻ സമയം നീട്ടിനൽകിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ കോടതി ആദ്യം രണ്ട് മാസവും പിന്നീട് 20 ദിവസവും കാലാവധി വീണ്ടും നീട്ടി നൽകിയിരുന്നു.
English Summary:Chargesheet filed against News Click founder Prabir Purkayastha
You may also like this video