കള്ളപ്പണമിറക്കി വോട്ടുനേടാനുള്ള യുഡിഎഫ് സ്ഥാനാർത്ഥിയുടെ തരംതാണ നിലപാടുകൾക്കെതിരെയും ജാതിയും മതവും വർണവും വർഗവും പറഞ്ഞ് വോട്ടുനേടാനുള്ള ബിജെപിശ്രമങ്ങളെയും പരാജയപ്പെടുത്തി പാലക്കാട് നിയമസഭാ മണ്ഡലത്തിലൂടെ ഡോ. പി സരിൻ വിജയത്തിനായുള്ള തേരോട്ടം തുടരുകയാണ്. ഇന്നലെ രാവിലെ യാക്കരയിലും നൂറണി-തിരുനെല്ലായ് ഗ്രാമങ്ങളിലെ വാർഡുകളിലൂടെയും സഞ്ചരിച്ച സരിൻ എല്ലാവരുടെയും പരാതികളും ആവശ്യങ്ങളും പരിഭവങ്ങളും കേട്ടറിഞ്ഞു.
ഗ്രാമപഞ്ചായത്തുകളിലെ വികസന സാധ്യതകൾ പൗരപ്രമുഖരുമായി ചർച്ച ചെയ്താണ് മുന്നോട്ടുനീങ്ങിയത്. വീടുകളിലും സ്ഥാപനങ്ങളിലും കയറി വോട്ടഭ്യർത്ഥിച്ച അദ്ദേഹം പാലക്കാട് മണ്ഡലത്തിൽ താൻ സ്ഥാനാർത്ഥിയാകേണ്ടിവന്ന അവസ്ഥയും കോൺഗ്രസിൽ നിന്നും ലഭിച്ച അവഗണനയുമെല്ലാം വിശദീകരിച്ചു. ഗ്രാമപഞ്ചായത്തിലെയും നഗരസഭയിലെയും ഹരിതകർമ്മ സേനാംഗങ്ങളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾ തങ്ങളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പങ്കുവച്ചു. 11 മണിയോടെ എൽഡിഎഫ് പ്രവർത്തകരുമായി തെരഞ്ഞെടുപ്പ് പ്രചരണ രൂപരേഖയും വരും ദിവസങ്ങളിലെ പര്യടനവും ചർച്ച ചെയ്തു. ഉച്ചകഴിഞ്ഞ് കണ്ണാടി പഞ്ചായത്തിലായിരുന്നു പര്യടനം.
കണ്ണാടിയിലെ നെൽക്കർഷകരുടെ ദുരിതങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പണം കിട്ടാനുള്ള കാലതാമസവും അവർ സരിനുമായി പങ്കുവച്ചു. എല്ലാ പ്രശ്നങ്ങൾക്കും ഉടൻ പരിഹാരമാകുമെന്നും കർഷകരുടെ ദുരിതങ്ങൾക്ക് പ്രത്യേക പാക്കേജ് അവതരിപ്പിക്കുന്നത് സംബന്ധിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് ഇടതുമുന്നണി പ്രവർത്തകർക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കുമൊപ്പം അടുത്ത ദിവസങ്ങളില്‍ നടക്കേണ്ട ഭവന സന്ദർശനങ്ങൾ ആസൂത്രണം ചെയ്താണ് സ്ഥാനാർത്ഥി മടങ്ങിയത്.