നിശബ്ദതയോട് സംസാരിക്കുന്നവനാണ് ചിത്രകാരൻ. ശബ്ദമില്ലാതെ ചിരിക്കുന്ന, കരയുന്ന, അലറുന്ന, ചിന്തിപ്പിക്കുന്ന ചിത്രങ്ങൾ. ചിലർക്കത് വിനോദമായിരിക്കാം. പക്ഷേ ഒരു കലാകാരനത് ശ്വാസമാണ്. വാക്കുകളാൽ വർണിക്കപ്പെടാൻ കഴിയാത്തത് വരകളിൽ തീർത്ത് വർണപ്രപഞ്ചം തീർക്കുകയാണ് പ്രശസ്ത ചിത്രകാരൻ കിളിമാനൂർ ഷാജി. സ്കൂൾ കാലത്ത് വയലിലെ ചെളിയുപയോഗിച്ച് ഗണപതി ശില്പമുണ്ടാക്കി വിരലുകൾ വിസ്മയം സൃഷ്ടിച്ചപ്പോൾ കഴിവ് തിരിച്ചറിഞ്ഞ അമ്മാവൻ വാട്ടർ കളർ വാങ്ങിനൽകി. അതിന്റെ നിറക്കൂട്ടുകളുടെ മായാജാലത്തിൽ അത്ഭുതം കൂറിയ ആ കുട്ടി ഇന്നു നിൽക്കുന്നത് ജലച്ഛായത്തിലും എണ്ണച്ഛായത്തിലും ഒരുപോലെ മികവ് തെളിയിച്ച പ്രശസ്തചിത്രകാരനായ്. രാജാരവിവർമ്മയുടെ നാട്ടിൽ നിന്ന് അദ്ദേഹത്തിന്റെ പാരമ്പര്യം പിന്തുടരാൻ നിയോഗിക്കപ്പെട്ടതോ ഷാജിയെന്ന് ആ രചനകൾ കണ്ടിട്ടുള്ളവർ ചിന്തിക്കാതിരിക്കില്ല.
1989ൽ ചിത്രകലയിൽ ഡിപ്ലോമ നേടിയ കിളിമാനൂർ ഷാജി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ ശിഷ്യരുടെ മികച്ച രചനകളും ഉൾപ്പെടുത്താറുണ്ട്. തിരുവനന്തപുരം കൊടിവിളയിൽ സുരേന്ദ്രന്റെയും ലീലയുടെയും മകനായ ഇദ്ദേഹം തനിക്കു കിട്ടിയ എല്ലാ അഭിനന്ദനങ്ങളും ഗുരുവായ പ്രശസ്ത ചിത്രകാരൻ കടയ്ക്കൽ പുഷ്പന് സമർപ്പിക്കാനിഷ്ടപ്പെടുന്നു. 1991ൽ സാംസ്കാരിക വകുപ്പ് നടത്തിയ ചിത്രപ്രദർശനത്തിൽ ഷാജിയുടെ ‘ഓമനത്തിങ്കൾക്കിടാവോ’ എന്ന രചനയ്ക്ക് കലാഗ്രാമം അവാർഡ് ലഭിച്ചു. 2024 ലെ പങ്കജാക്ഷൻ ഫൗണ്ടേഷൻ അഖിലകേരള ചിത്രരചനാ പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി. രാജാരവിവർമ്മ വരച്ച കൃഷ്ണപുരം കൊട്ടാരത്തിലെ വിശാഖം തിരുനാളിന്റെയും കാർത്തിക തിരുനാളിന്റെയും ചിത്രങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനായി ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നേരിട്ട് ആവശ്യപ്പെട്ടത് വലിയ അംഗീകാരമായി ഷാജി കാണുന്നു. കൂടാതെ ഭാഷാ ശാസ്ത്രജ്ഞനും സംസ്കൃത പണ്ഡിതനുമായ കെ ഗോദവർമ്മയുടെ കാലഹരണപ്പെട്ട ചിത്രം പുതുക്കി വരച്ചതും രാജാരവിവർമ്മയുടെ തന്നെ ‘കിരാതരുദ്രൻ’ കിളിമാനൂർ കൊട്ടാരത്തിന്റെ ആവശ്യപ്രകാരം വരച്ചതും നിയോഗമായി ഷാജി കാണുന്നു. ഫാബ്രിക്, കൊളാഷ്, ക്രാഫ്റ്റ്, ഗ്ലാസ് ആർട്ട്, സെറാമിക് പെയിന്റിങ് എന്നിവയിലും പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള ഇദ്ദേഹം കിളിമാനൂരിൽ നടക്കുന്ന രാജാരവിവർമ്മ ജന്മദിനാഘോഷങ്ങളുടെ മുഖ്യ സംഘാടകരിൽ ഒരാൾ കൂടിയാണ്.
രാജാരവിവർമ്മയെ കുറിച്ച് ഏറ്റവുമധികം തന്നോട് സംസാരിച്ചിട്ടുള്ളതും കിളിമാനൂർ കൊട്ടാരവുമായി താൻ ബന്ധപ്പെടാനും കാരണം ഷാജിയാണെന്ന് പ്രശസ്തശില്പി കാനായി കുഞ്ഞിരാമൻ പറയുന്നുണ്ട്. മാനസഗുരുവായി കാണുന്ന അദ്ദേഹവുമായി വർഷങ്ങളായി അടുത്ത ബന്ധമാണ് ഷാജിയ്ക്കുള്ളത്. കലാകാരൻ എന്നതിന് പുറമേ മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനും കൂടിയായ ഇദ്ദേഹത്തിന് ഇതിനോടകം പതിനായിരത്തിലധികം ശിഷ്യഗണങ്ങളുണ്ട്. എന്നാൽ താനിപ്പോഴും ചിത്രകലയിൽ ഒരു വിദ്യാർത്ഥിയാണെന്ന് ഭാവനയുടെയും സമർപ്പണത്തിന്റെയും മായാലോകം സൃഷ്ടിക്കുന്ന ഷാജി എളിമയോടെ പറയും. കിളിമാനൂരിൽ മുപ്പത് വർഷത്തോളമായി കലാനികേതം അക്കാദമി ഓഫ് ആർട്സ് എന്ന സ്ഥാപനം നടത്തിവരുന്നു. തിരുവനന്തപുരം ‘ഭരതക്ഷേത്ര’യിലും കല്ലമ്പലത്തെ ‘നവകേരള’ത്തിലും ചിത്രകലാ അധ്യാപകനാണ്. നിരവധി സീരിയലുകളിലും സിനിമകളിലും ആർട്ട് ഡയറക്ടർ കൂടിയായിരുന്നു ഇദ്ദേഹം.
വിദ്യാർത്ഥികൾക്ക് പെട്ടെന്ന് പഠിച്ചെടുക്കാവുന്ന രീതിയിൽ പുതിയ പല രീതികളും ഷാജി ആവിഷ്കരിച്ചിട്ടുണ്ട്. ചിത്രകലയിൽ ഓരോ വിദ്യാർത്ഥിയ്ക്കും തനതു രീതിയുണ്ട്. അതുമായി ചേർന്ന് ചിത്രരചന പഠിച്ചെടുക്കുമ്പോഴാണ് നല്ലൊരു ചിത്രകാരനാവുകയെന്ന് ഷാജി അനുഭവസമ്പത്തിലൂടെ പറയുന്നു. യഥാർത്ഥ കലാകാരന് ഗുരുസ്മരണയില്ലാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ലെന്ന് ഗുരുവായ കടയ്ക്കൽ പുഷ്പന്റെ അടുത്തുപോയി സംശയങ്ങൾ തീർത്ത് പഠനം തുടരുന്ന ഇദ്ദേഹം പറയുന്നു. ഭാര്യ ഷീജയ്ക്കും മകൾ അഷ്ടമിക്കുമൊപ്പം കിളിമാനൂരിലാണ് താമസം.

