ചാറ്റ് ജിപിടി തെറ്റായ ഉപദേശം നൽകിയതുമൂലം വിമാനം നഷ്ടപ്പെട്ട് സ്പാനിഷ് ദമ്പതികൾ. മേരി കാൽഡാസ് എന്ന സ്പാനിഷ് യുവതിയും പങ്കാളിയുമാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവര്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ച ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താൻ എപ്പോഴും ധാരാളം ഗവേഷണം നടത്താറുണ്ടെന്നും പ്യൂർട്ടോ റിക്കോ സന്ദർശിക്കാൻ അവർക്ക് വിസ ആവശ്യമുണ്ടോ എന്ന ചോദ്യത്തിന് ചാറ്റ് ജിപിടി വേണ്ട എന്ന മറുപടി നൽകിയതായും അവർ പറയുന്നു. പക്ഷെ ഇഎസ്ടിഎ (ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ) ആവശ്യമാണെന്ന് മുന്നറിയിപ്പ് നൽകിയില്ലെന്ന് അവർ കൂട്ടിച്ചേർത്തു. സന്ദർശിക്കാൻ വിമാനത്താവളത്തിൽ എത്തിയ ശേഷം, ഇഎസ്ടിഎ ഇല്ലാതെ വിമാനത്തിൽ കയറാൻ കഴിയില്ലെന്ന് എയർലൈൻ ജീവനക്കാർ അവരോട് പറഞ്ഞു. ഇതോടെയാണ് വിമാനത്തില്‍ കയറാൻ ഇരുവര്‍ക്കും കഴിയാതെ വന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുകയും ഉപദേശത്തിനായി ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുകയും ചെയ്യുന്ന ഇക്കാലത്ത് അന്തമായി വിശ്വസിക്കുകയും ദൈനംദിന ജോലികളും ചിന്താ പ്രക്രിയയും AI‑യിൽ പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകളെ ഏൽപ്പിക്കുന്നതിനെതിരെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഇത്തരത്തില്‍ ചാറ്റ് ജിപിടി ഉപദേശങ്ങൾ തെറ്റുന്നത് ഇതാദ്യമായല്ലായെന്നും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

