Site iconSite icon Janayugom Online

ചാറ്റ് ജിപിടിയും നോ പറയാൻ പഠിച്ചു; പ്രതികരണം മതിപ്പുളവാക്കുന്നതെന്ന് മസ്ക്

എന്ത് ചോദിച്ചാലും ഉത്തരം പറയുന്ന, ഇനി കൃത്യമായ ഉത്തരം അറിയില്ലെങ്കിൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും എവിടെ നിന്നെങ്കിലും തപ്പി പിടിച്ചു കൊണ്ടുവരുന്നതായിരുന്നു ചാറ്റ് ജി.പി.ടിയുടെ സ്വഭാവം. ചിലപ്പോൾ ചോദ്യവുമായി ബന്ധമില്ലാത്തതാണെങ്കിലും ഉത്തരം ലഭിക്കാറുണ്ടായിരുന്നു.

ചില വ്യക്തികളെപോലെ തന്നെ ചാറ്റ് ജി.പി.ടിക്കും ആരെങ്കിലും എന്തെങ്കിലും ആവശ്യപ്പെട്ടാൽ നോ പറയാൻ പ്രയാസമാണെന്ന് തോന്നും അത്തരം ഉത്തരങ്ങൾ കണ്ടാൽ. എന്നാൽ ഇപ്പോൾ ഉപയോക്താവിന്റെ ചോദ്യത്തിന് കൂടുതൽ ആലോചിക്കാതെ അറിയില്ല എന്ന മറുപടിയാണ് ചാറ്റ് ജി.പി.ടി നൽകിയിരിക്കുന്നത്.

കോൾ ട്രെഗാസ്‌കെസ് എന്ന ഉപയോക്താവ് ചാറ്റ് ജി.പി.ടി-5 മായി നടത്തിയ സംഭാഷണത്തിൽ ചോദിച്ച ചോദ്യത്തിന് ‘എനിക്കറിയില്ല, എനിക്ക് കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ല’ എന്ന മറുപടി നൽകിയിരിക്കുന്നത്. 34 സെക്കൻഡ് ആലോചിച്ച ശേഷമാണ് ഈ മറുപടി നൽകിയിരിക്കുന്നത്. എക്സിൽ ഉപയോക്താവ് സംഭാഷണത്തിന്റെ ഭാഗം പോസ്റ്റ് ചെയ്തിട്ടുമുണ്ട്. പോസ്റ്റിന് മറുപടിയുമായി മസ്കും രംഗത്തെത്തിയിട്ടുണ്ട്. മതിപ്പുളവാക്കുന്നതാണ് പ്രതികരണം എന്നാണ് മറുപടി. ചാറ്റ് ജി.പി.ടി-5ന്‍റെ ഈ സമീപനത്തെ ലോകം ഉറ്റുനോക്കുകയാണ്. ചാറ്റ് ബോട്ടിന്‍റെ ഈ മറുപടി ചാറ്റ് ജി.പി.ടി-5ലുള്ള വിശ്വാസ്യത കൂടുതൽ വർധിപ്പിക്കുന്നുവെന്ന് ഉപയോക്താക്കൾ പറയുന്നു. തെറ്റായ മറുപടികൾ നൽകുന്നതിന് പകരം കൃത്യമായ ഉത്തരങ്ങൾ നൽകുന്നതിന് ഇത് സഹായിക്കും. തെറ്റായ വിവരങ്ങളുടെ വ്യാപനം തടയുന്നതിനും ഒരു പരിധിവരെ സാധിക്കും.

ജി.പി.ടി-5 പത്ത് ശതമാനം തെറ്റുകൾ വരുന്നത് കുറച്ചിട്ടുണ്ട്. എന്നാൽ ചാറ്റ് ജി.പി.ടിയെ പ്രാഥമിക ഉറവിടമായി കാണരുതെന്ന് ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വ്യക്തമാക്കിയിരുന്നു.

Exit mobile version