പുഴ വന്ന് കടലിൽ ചേരുന്നതുപോലെ, അറബിക്കടലിന്റെ കച്ചവട ചാലിലൂടെ പോർച്ചുഗീസ് തീരത്തുനിന്ന് കാറല്‍സ‌്മാന്‍ ചരിതം തീരദേശ ജനതയെ തൊട്ടു.
മിത്തും ചരിത്രവും ഭാവനയുമൊന്നിച്ച കലാസൃഷ്ടിയെ ആ ജനത നെഞ്ചിലേറ്റി. കക്കവാരിയും കടലിൽ വലയെറിഞ്ഞും രാത്രിയിൽ തെളിയുന്ന ഫ്ലൂറസെന്റ് ലൈറ്റുകൾക്ക് കീഴിൽ അവർ ചക്രവർത്തിയും മന്ത്രിയും യോദ്ധാക്കളുമായി. ഉറച്ച ചുവടുകള്‍, ചടുലതാളം. ചവിട്ടുനാടകം ആഘോഷവും ആവേശവുമായി.
കാറല്‍സ്മാന്‍ യുദ്ധം ചെയ്ത് ജെറുസലേം വീണ്ടെടുക്കുന്നു. നാടകാന്ത്യം മംഗളസ്തുതി. അഭിനേതാക്കളൊരുമിച്ച് ഏറ്റുപാടി ചുവടുചവിട്ടി സഭാവന്ദനം ചെയ്യുന്നു. നാടകം പൂർണം. കാര്‍ത്തിക തിരുന്നാള്‍ ഓഡിറ്റോറിയത്തില്‍ ഹൈസ്കൂള്‍ വിഭാഗം ചവിട്ടുനാടക വേദി വാശിയേറിയതായിരുന്നു. നന്നായി പരിശീലിച്ച ടീമുകള്‍, എല്ലാം ചിട്ടപ്പടി.
ആഢംബരത്തോടെയുള്ള രാജാവിന്റെ പ്രവേശനരംഗം. നിറപ്പകിട്ടാർന്ന രാജസദസിലേക്ക് സർവാലങ്കാരഭൂഷിതനായി സൈന്യത്തിന്റെ അകമ്പടിയോടെ എത്തുന്ന രാജാവിനെ സ്തുതിച്ചുള്ള സൈനികരുടെ പാട്ട്. തുടർന്ന് നടനചിന്ത് പാടി മന്ത്രിയുടെ പ്രവേശനം. ജോവന്റെ വരവും ശത്രുക്കളുടെ മേലുള്ള വിജയവും സൈന്യാധിപസ്ഥാനവും സ്ത്രീസാന്നിധ്യം. ഫ്രഞ്ച് രാജാവായ കാറല്‍സ‌്മാന്റെയും റോളണ്ട് എന്ന ഭടന്റെയും സഹോദരൻ ബെർണാഡിന്റെ കഥ പറഞ്ഞവരുമുണ്ടായിരുന്നു.