Site iconSite icon Janayugom Online

ചല്‍ ചല്‍ ചെല്‍സി

ചെല്‍സി ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍. സെമിഫൈനലില്‍ ഫ്ലുമിനെന്‍സിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി തോല്പിച്ചത്. ബ്രസീൽ താരം ജാവോ പെഡ്രോയുടെ ഇരട്ടഗോളുകളാണ് ചെല്‍സിക്ക് വിജയമൊരുക്കിയത്. 18-ാം മിനിറ്റില്‍ ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ പന്ത് ഫ്ലുമിനെന്‍സിന്റെ വലയിലാക്കി. ഇതിനിടെ പെനാല്‍റ്റി ബോക്ലില്‍ വച്ച് ചെല്‍സി താരം ട്രെവോ ചാലോബയുടെ കൈയില്‍ പന്ത് തട്ടിയതിന് ഫ്ലുമിനെന്‍സിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. എന്നാല്‍ വാര്‍ പരിശോധനയില്‍ റഫറി തീരുമാനം മാറ്റിയത് ഫ്ലുമിനെന്‍സിന് തിരിച്ചടിയായി. ഇതോടെ ആദ്യപകുതി ഒരു ഗോള്‍ ലീഡുമായി ചെല്‍സി മുന്നിട്ടുനിന്നു. 

രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിലാണ് പെഡ്രോ ചെല്‍സിക്കായി രണ്ടാം ഗോള്‍ കണ്ടെത്തിയത്. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലുമിനെൻസ് പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി ജാവൊ പെ‍ഡ്രോയിലേക്കെത്തി. അവസരം മുതലാക്കിയ പെഡ്രോ പന്ത് കൃത്യം വലയിലെത്തിച്ചു. 93-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ മോയ്സ കായ്സീഡോ കണങ്കാലിന് പരിക്കേറ്റ് മടങ്ങി. പെഡ്രോയുമായി കഴിഞ്ഞയാഴ്ചയാണ് ചെല്‍സി കരാറിലെത്തിയത്. ക്ലബ്ബ് ലോകകപ്പില്‍ മികച്ച പ്രകടനമാണ് ചെല്‍സി നടത്തിയത്. ഒരു മത്സരത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തി. രണ്ടാം മത്സരത്തില്‍ ബ്രസീൽ ടീം ഫ്ലെമംഗൊയോട് തുടക്കത്തില്‍ തോല്‍വി നേരിട്ടു. ഇതോടെ ഗ്രൂപ്പിൽ രണ്ടാമതായാണ് നോക്കൗട്ടിൽ കടന്നത്. എന്നാല്‍ നോക്കൗട്ടില്‍ മികച്ച കുതിപ്പ് നടത്തിയാണ് ചെല്‍സി മുന്നേറിയത്. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെയും ക്വാര്‍ട്ടറില്‍ ബ്രസീൽ ടീമായ പാൽമിറാസിനെയും കീഴടക്കി.

Exit mobile version