കുട്ടിക്കാലത്തെ ഓണം ഒരിക്കലും മറക്കാൻ കഴിയില്ല. അന്നൊക്കെ നല്ലൊരു സദ്യ കിട്ടുന്നത് തിരുവോണത്തിനാണ്. ഓണക്കാലത്തെ മറ്റൊരു ഓണസദ്യയെക്കൂടി പറയാതിരിക്കുക വയ്യ. അത് ആകാശവാണി ഓണപ്പാട്ടുകളിലൂടെ നൽകിയിരുന്ന ഓണസദ്യയാണ്. ചലച്ചിത്രഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്ന സമയത്ത് ഓണപ്പാട്ടുകൾ കേൾക്കാനായി വീട്ടിലെ ‘റീഡ്’ എന്ന പേരുള്ള വാൾവ് റേഡിയോയുടെ മുന്നിൽ കാതോർത്തിരുന്ന ആ കുട്ടിക്കാലം മറക്കുവതെങ്ങനെ?
അന്ന് കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഇഷ്ട ഗാനത്തെക്കുറിച്ച് ആദ്യം പറയാം. 1964 ൽ പുറത്തിറങ്ങിയ ‘അൾത്താര’ എന്ന സിനിമയിലേതാണ് ഗാനം. എഴുതിയത് തിരുനയിനാർകുറിച്ചി മാധവൻനായർ. ഈണമൊരുക്കിയത് എം ബി ശ്രീനിവാസൻ. മാദക ഗാനങ്ങളും ഒപ്പനപ്പാട്ടുകളും പാടിയിരുന്ന എൽ ആർ ഈശ്വരിയാണ് ഈ ഗാനം മനോഹരമായി പാടിയിരിക്കുന്നതെന്നോർക്കുക.
ഗാനമിങ്ങനെ തുടങ്ങുന്നു:
‘ഓണത്തുമ്പീ…
ഓണത്തുമ്പീ വന്നാട്ടെ
ഓമനത്തുമ്പീ വന്നാട്ടെ
ഒരു നല്ല കഥപറയാം
ഒന്നിരുന്നാട്ടെ ഒന്നിരുന്നാട്ടെ’
‘പിഞ്ചുഹൃദയം’ (1966) എന്ന സിനിമയിൽ എല്ലാം തികഞ്ഞൊരു ഓണപ്പാട്ടുണ്ട്. ഈ ഗാനം പാടിയതും എൽ ആർ ഈശ്വരി. രചന‑പി ഭാസ്കരൻ, സംഗീതം-വി ദക്ഷിണാമൂർത്തി.
ഗാനം ശ്രദ്ധിക്കൂ,
‘അത്തം പത്തിനു പൊന്നോണം
പുത്തരി കൊയ്തൊരു കല്യാണം
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം
ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം’
തിരുവോണത്തെ വരവേൽക്കാനായി പ്രകൃതി തന്നെ ഒരുങ്ങി നിൽക്കുന്ന കാഴ്ചകളാണ് ഈ ഗാനത്തിലൂടെ പി ഭാസ്കരൻ മാഷ് നമുക്ക് സമ്മാനിക്കുന്നത്.
നോക്കൂ,
‘താമരമലരിൽ തുള്ളും തുമ്പി
തംബുരു മീട്ടാൻ കമ്പിയിണക്കി
ഓടിയോടി വരുന്നൊരു ചോലകൾ
ഓലക്കൈയാൽ താളം കൊട്ടീ
താളം കൊട്ടീ’
‘കാനന മലരണി വല്ലിക്കുടിലുകൾ
ഓണക്കളിക്കു കിങ്ങിണി കെട്ടി
സ്വർണവളകൾ അണിയും കൈയാൽ
പൊന്നശോകം മുദ്രകൾ കാട്ടീ
മുദ്രകൾ കാട്ടീ…’
‘അത്തം പത്തിന് പൊന്നോണം…’ എന്നു തുടങ്ങുന്ന മറ്റൊരു ഗാനവും പി ഭാസ്കരൻ മാഷുടെ തൂലികയിൽ പിറന്നിട്ടുണ്ട്. അതിന്റെ പല്ലവി ഇങ്ങനെ:
‘അത്തം പത്തിനു പൊന്നോണം
ഇത്തിരിപ്പെണ്ണിന്റെ കല്യാണം
മുറ്റത്തെ മുല്ലേ മൂവന്തി മുല്ലേ
മുപ്പതിടങ്ങഴി പൂ വേണം’
(ചിത്രം- ഒരു പിടി അരി. വർഷം 1974,സംഗീതം- എ ടി ഉമ്മർ, ആലാപനം- എസ് ജാനകി)
1969ൽ പുറത്തിറങ്ങിയ ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതിയ ‘മേലേമാനത്തെ നീലപ്പുലയിക്ക് മഴ പെയ്താൽ ചോരുന്ന വീട്’ എന്നു തുടങ്ങുന്ന പാട്ടിലെ ചരണമിങ്ങനെ,
‘പൊക്കിൾ പൂ വരെ ഞാന്നു കിടക്കുന്ന
പുത്തൻ പവൻ മാല തീർത്തു — പെണ്ണിന്
പുത്തൻ പവൻ മാല തീർത്തു
അത്തം പത്തിനു പൊന്നോണം
അന്നു വെളുപ്പിനു കല്യാണം’
(സംഗീതം- ദേവരാജൻ, പാടിയത്- ബി വസന്ത)
ഏറേ കൗതുകകരമായി തോന്നിയത് മുകളിൽ പരാമർശിച്ച മൂന്ന് ഗാനങ്ങളിലും അത്തം പത്തിലെ പൊന്നോണനാളിൽ നടക്കുന്ന കല്യാണമാണ്.
ഓണത്തുമ്പികളില്ലാതെ എന്ത് പൊന്നോണം?
‘പാവങ്ങൾ പെണ്ണുങ്ങൾ’ (1973) എന്ന സിനിമയിൽ നല്ലൊരു ഓണപ്പാട്ടുണ്ട്. പാടിയത് യേശുദാസും പി സുശീലയും സംഘവും. ഗാനരചന- വയലാർ രാമവർമ്മ, സംഗീതം- ജി ദേവരാജൻ.
‘ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ
പൂക്കണ്ണി കോരാൻ പൂക്കളം തീർക്കാൻ
ഓടി വാ തുമ്പീ പൂത്തുമ്പീ താ തെയ്
അന്നം പൂക്കിലയൂഞ്ഞാലാടാൻ
പൂമാലപ്പെണ്ണിനെ പൂ കൊണ്ട് മൂടാൻ
ആടിവാ തുമ്പീ പെൺതുമ്പീ താ തെയ്”
ഓണപ്പാട്ടുകളെക്കുറിച്ചോർക്കുമ്പോൾ എല്ലാവർക്കും ഓർമ്മവരിക ‘തിരുവോണം’ (1975) എന്ന സിനിമയും അതിലെ ‘തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ…’ എന്ന ഗാനമായിരിക്കും. ലക്ഷണമൊത്ത ഈ ഓണപ്പാട്ട് മലയാളികൾ ഹൃദയത്തോട് ചേർത്തുവച്ചിരിക്കുന്നു.
‘തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങീ
തിരുമേനി എഴുന്നള്ളും സമയമായീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ-ഒരുങ്ങീ
ഹൃദയങ്ങളണിഞ്ഞൊരുങ്ങീ’
ശ്രീകുമാരൻ തമ്പി എഴുതി, എം കെ അർജുനൻ ഈണം നൽകി വാണി ജയറാം പാടിയ ഈ ഗാനം എന്നും മലയാളികളുടെ ഹൃദയത്തിലുണ്ടാകും.
‘തിരുവോണം’ എന്ന ചിത്രത്തിലേതുപോലെ ‘വിഷുക്കണി’ (1977) എന്ന ചിത്രത്തിലും ശ്രീകുമാരൻ തമ്പിയെഴുതിയ ശ്രദ്ധേമായമൊരു ഓണപ്പാട്ടുണ്ട്. പല്ലവി ഇങ്ങനെ:
‘പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ
ഈ പൂവിളിയിൽ മോഹം പൊന്നിൻ
മുത്തായ് മാറ്റും പൂവയലിൽ
നീ വരൂ ഭാഗം വാങ്ങാൻ…’
(സംഗീതം സലിൽ ചൗധുരി, പാടിയത്-യേശുദാസ്)
ഗാനങ്ങൾ കൊണ്ട് മാത്രം ഓർക്കുന്ന സിനിമയാണ് ‘ഈ ഗാനം മറക്കുമോ? ‘(1978). ചിത്രം പരാജയമായിരുന്നെങ്കിലും ഒഎൻവി — സലിൽ ചൗധുരി ടീമിന്റെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഇതിലെ അതീവ ഹൃദ്യമായ ഓണപ്പാട്ടാണ് യേശുദാസ് ആലപിച്ച,
‘ഓണപ്പൂവേ പൂവേ പൂവേ
ഓമൽ പൂവേ പൂവേ പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ
ഇതാ… ഇതാ… ഇതാ…’
‘ഇതു ഞങ്ങളുടെ കഥ’ (1982) എന്ന സിനിമയിലെ പാട്ടാണ്:
‘കുമ്മിയടിക്കുവിൻ കൂട്ടുകാരേ
കുമ്മിയടിക്കുവിൻ നാട്ടുകാരേ
പൊന്നിൻ തിരുവോണം വന്നതറിഞ്ഞില്ലേ
കുമ്പിട്ടും പൊന്തിയും കുമ്മിയടി’
പി ഭാസ്കരനും ജോൺസണും ചേർന്നൊരുക്കി യേശുദാസ് പാടിയ ഈ ഗാനത്തിലൂടെ നല്ലൊരു ഓണക്കാഴ്ച സമ്മാനിക്കുന്നുമുണ്ട്.
‘എല്ലാർക്കും പൊന്നോണം
എല്ലാർക്കും ഉല്ലാസം
എങ്ങെങ്ങും സംഗീത നൃത്തോത്സവം
പൊട്ടിപ്പൊട്ടിച്ചിരിക്കണം
താളത്തിൽ കൊട്ടിക്കൊട്ടി കളിക്കണം
കളിക്കണം കൂട്ടുകാരേ…’ എന്നു പറഞ്ഞു കൊണ്ടാണ് ഗാനം അവസാനിപ്പിച്ചിരിക്കുന്നത്.
‘യുദ്ധം’ (വർഷം 1983) എന്ന ചിത്രത്തിൽ യേശുദാസും ജോളി എബ്രഹാമും ചേർന്ന് പാടിയ ഓണപ്പാട്ടാണ്:
‘ഓണപ്പൂവുകൾ വിരുന്നു വന്നു
ഓണത്തുമ്പികൾ പറന്നു വന്നു
ഒന്നാകും കുന്നിന്മേൽ
ഓരടിക്കുന്നിന്മേൽ
സ്വർണ്ണത്താലവും മഞ്ഞക്കോടിയും
ഉയർന്നിടുന്നു’
(സംഗീതം- ശങ്കർ ഗണേഷ് )
പഴയ തലമുറ ഏറ്റുപാടിയ ഒരു ഗാനത്തെ പരിചയപ്പെടുത്തട്ടെ. ചിത്രം-അമ്മ. വർഷം- 1952. ഗാനമെഴുതിയത് പി ഭാസ്കരൻ. ചിട്ടപ്പെടുത്തിയത് വി
ദക്ഷിണാമൂർത്തി. പാടിയത് പി ലീലയും സംഘവും. ഗാനമിങ്ങനെ,
‘ഹാ പൊൻതിരുവോണം വരവായി
പൊൻതിരുവോണം
സുമസുന്ദരിയായി വന്നണഞ്ഞു
പൊൻതിരുവോണം
ഹാ പൊൻ തിരുവോണം വരവായി
പൊൻ തിരുവോണം’
മാവേലിത്തമ്പുരാന് സ്വാഗതമോതിക്കൊണ്ടാണ് ഗാനം അവസാനിപ്പിച്ചിരിക്കുന്നത്.
‘മാവേലിമന്നനു
സ്വാഗതമോതിടാം
ഗാനം പാടാം പാടാം
മനോഹര ഗാനം’
‘വഴി പിഴച്ച സന്തതി’ (1968) എന്ന ചിത്രത്തിൽ ജയചന്ദ്രനും പി. ലീലയും ബി. വസന്തയും ശ്രീലതയും ബി. സാവിത്രിയും ചേർന്ന് പാടിയ
‘പങ്കജദളനയനേ മാനിനി മൗലേ… ’
എന്നു തുടങ്ങുന്ന പാട്ടിലും മാവേലിയെ വരവേൽക്കുന്നുണ്ട്:
‘തൃക്കാക്കരയപ്പാ പടിക്കലും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
മുക്കുറ്റിമലർ ചൂടി മുറ്റത്തു വായോ
പൊന്നോണ വില്ലിന്റെ തുടികൊട്ടാൻ വായോ
( രചന: പി. ഭാസ്കരൻ, സംഗീതം: ബി എ ചിദംബരനാഥ്)
‘മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാം ഒന്നു പോലെ ’
എന്ന പാട്ടറിയാത്ത ഒരു മലയാളിയുമുണ്ടാവുമെന്ന് തോന്നുന്നില്ല.
ഈ ഗാനം പൂർണ്ണമായും ഉൾപ്പെടുത്തിയ രണ്ട് സിനിമകളുണ്ട്. പി. രാമദാസ് സംവിധാനം ചെയ്ത ‘ന്യൂസ് പേപ്പർ ബോയ്’ (1955), ശശികുമാർ സംവിധാനം ചെയ്ത ‘മഹാബലി’ (1983) എന്നിവയാണത്. ന്യൂസ് പേപ്പർ ബോയ് എന്ന സിനിമയിലെ ഗാനം ആലപിച്ചത് കമുകറയും ശാന്ത പി നായരും സംഘവും ( സംഗീതം: എ രാചചന്ദ്രൻ & എ വിജയൻ) ‘മഹാബലി‘യിലേത് പി. മധുരിയും സംഘവും ( സംഗീതം: എം. കെ. അർജുനൻ).
‘അഷ്ടബന്ധം’ (1986) എന്ന സിനിമയിലെ ഗാനത്തിലും ഓണവും മാവേലിയും കടന്നുവരുന്നുണ്ട്.
‘മാവേലിത്തമ്പുരാൻ മക്കളെക്കാണുവാൻ
പാതാളത്തീന്നിങ്ങു വന്നിടുമ്പോൾ
പൊന്നാട ചാർത്തണം പൂക്കളം
വെക്കണം
ഊഞ്ഞാലിലാട്ടണം മന്നനെ നാം ’
(രചന: ഒ. വി. അബ്ദുള്ള, സംഗീതം എ. ടി. ഉമ്മർ, പാടിയത് യേശുദാസ്, ആശാലത, സംഘം)
1970 ലെ ‘കുറ്റവാളി’ എന്ന സിനിമയ്ക്കു വേണ്ടി വയലാർ എഴുതിയ ‘മാവേലി വാണൊരു കാലം /മറക്കുകില്ല മലയാളം/ മറക്കുകില്ല മലയാളം’ (സംഗീതം: വി. ദക്ഷിണാമൂർത്തി, പാടിയത് പി. സുശീലയും സംഘവും ) പോലെ മലയാളികളാരും മറക്കില്ല, മാവേലി നാടു വാണ കാലവും മലയാള സിനിമയിലെ ഓണപ്പാട്ടുകളും.