ഗുജറാത്തില്‍ പുതിയതായി പ്രഖ്യാപിച്ച ചീറ്റ പദ്ധതിയും പാളി. കച്ച് മേഖലയിലെ ബെന്നി പുല്‍മേടുകളില്‍ ചീറ്റ പ്രജനന കേന്ദ്രമൊരുക്കാനുള്ള 20 കോടിയുടെ പദ്ധതിയാണ് കനത്ത മഴയെ തുടര്‍ന്ന് ഇഴഞ്ഞുനീങ്ങുന്നത്. ദേശീയ കടുവാ സംരക്ഷണ അതോറിട്ടി പദ്ധതിക്ക് സമയപരിധി നിശ്ചയിച്ചിരുന്നില്ലെങ്കിലും ഈ മാസം നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെന്ന് വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കനത്ത മഴയെ തുടര്‍ന്നാണ് പദ്ധതി വൈകുന്നത്. പദ്ധതിക്കായി കേന്ദ്രം മൂന്ന് കോടി നല്‍കിയെന്നും അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ പദ്ധതി പൂര്‍ത്തിയാക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെന്നി പുല്‍മേടുകള്‍ ഉള്‍ക്കൊള്ളുന്ന കച്ച് ജില്ലയില്‍ ഈ വര്‍ഷം കനത്ത മഴയാണ് പെയ്തത്. സീസണ്‍ ശരാശരിയേക്കാള്‍ 185 ശതമാനം കൂടുതല്‍ മഴയാണ് ഓഗസ്റ്റ് മാസം ഇവിടെ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം പ്രദേശമാകെ ബാധിക്കുകയും പ്രജനന പദ്ധതിക്കായുള്ള അടിസ്ഥാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകരുകയും ചെയ്തത് പദ്ധതി പുനരാലോചനയ്ക്ക് അധികൃതരെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗുജറാത്തിലേക്ക് വീണ്ടും ചീറ്റകളെയെത്തിക്കുന്നതിനാണ് ഈ വര്‍ഷമാദ്യം സെന്‍ട്രല്‍ സൂ അതോറിട്ടി പദ്ധതിക്ക് അനുമതി നല്‍കിയത്. ബെന്നിയിലെ 500 ഹെക്ടറോളം സ്ഥലത്ത് 16 ചീറ്റകളെ പാര്‍പ്പിക്കുന്ന തരത്തിലാണ് പ്രജനന കേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നത്.
നമീബിയയില്‍ നിന്നോ ദക്ഷിണാഫ്രിക്കയില്‍ നിന്നോ ഇറക്കുമതി ചെയ്യുന്ന ചീറ്റകളെയാണ് കേന്ദ്രത്തില്‍ പുനരധിവസിപ്പിക്കുക. ആവാസവ്യവസ്ഥയുടെ പുനര്‍നിര്‍മ്മാണം, മൃഗാശുപത്രി എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. 2009ല്‍ ചീറ്റയെ പുനരധിവസിപ്പിക്കാന്‍ അനുയോജ്യമായ പത്ത് സ്ഥലങ്ങളില്‍ ബെന്നിയെയും തിരഞ്ഞെടുത്തിരുന്നു. ഈ പ്രദേശങ്ങളില്‍ ചീറ്റകളുടെ സാന്നിധ്യമുണ്ടായിരുന്നതായി തെളിയിക്കുന്ന ചില രേഖകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിനോദ സഞ്ചാരമല്ല മറിച്ച് ചീറ്റകളുടെ പ്രജനനവും വളര്‍ച്ചയുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2022ല്‍ കുനോ ദേശീയോദ്യാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ചീറ്റ പുനരധിവാസ പദ്ധതിക്ക് തുടക്കംകുറിച്ചത്.