Site iconSite icon Janayugom Online

മുന്നേറ്റങ്ങളുടെ നേര്‍ക്കാഴ്ചയായി ചേലക്കര

ChelakkaraChelakkara

ചരിത്രത്തില്‍ നിന്നു പോലും മാറ്റിനിര്‍ത്തപ്പെട്ട ഒരു കൂട്ടം ജനങ്ങളുടെ മുന്നേറ്റങ്ങളുടെ നേര്‍ക്കാഴ്ചയൊരുക്കുകയാണ് എല്‍ഡിഎഫ് ചേലക്കരയില്‍. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്.
അടിസ്ഥാന വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്ക് വരെ ബുദ്ധിമുട്ടിയിരുന്ന ഒരു പ്രദേശത്തു നിന്നുമാണ് മിടുക്കരായ പൈലറ്റുമാരും അഭിഭാഷകരും പാരാമെഡിക്കല്‍ വിദഗ്ധരും എൻജിനീയര്‍മാരുമൊക്കെ പിറവിയടുത്തത്. ഇതില്‍ അക്രഡിറ്റഡ് എൻജിനീയര്‍മാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന ട്രേസ് പദ്ധതിയും നടപ്പിലാക്കി. നിയമ ബിരുദധാരികള്‍ക്ക് അഡ്വക്കേറ്റ് ജനറല്‍, സീനിയര്‍ അഭിഭാഷകൻ, ഗവണ്‍മെന്റ് പ്ലീഡര്‍ എന്നിവരുടെ ഓഫിസുകളിലും കോടതികളിലും സ്റ്റൈപ്പന്റോടെ നിയമനം ലഭിക്കുന്ന ജ്വാല പദ്ധതിയും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 

സംസ്ഥാനമൊട്ടാകെ പിന്നാക്കവിഭാഗങ്ങള്‍ക്കായി നടപ്പിലാക്കിയ സേഫ് പദ്ധതിയുടെ ഭാഗമായി ചേലക്കര മണ്ഡലത്തിലും നിരവധി കുടുംബങ്ങള്‍ക്ക് സുന്ദരഭവനങ്ങളൊരുങ്ങി. പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി നാട്ടൻചിറ, അടാട്ട് കുന്ന്, കുറുപ്പംതൊടി, എടപ്പാറ, മാളിയൻകുന്ന്, തിരുവില്വാമല ചോഴിയങ്കാട് എന്നീ ഗ്രാമങ്ങള്‍ക്കായി ഒരു കോടി രൂപ വീതം അനുവദിച്ചു.
പട്ടികജാതി റോഡ് വികസനം, സംരക്ഷണ ഭിത്തി നിര്‍മ്മാണം, കലുങ്ക് നിര്‍മ്മാണം തുടങ്ങി വിവിധ പ്രവൃത്തികള്‍ക്കായി പഴയന്നൂര്‍ പൊറ്റയില്‍ 25 ലക്ഷം, ചക്കത്തുകുന്നില്‍ അഞ്ച് ലക്ഷം, കാക്കരകുന്നില്‍ 25 ലക്ഷം, ദേശമംഗലം കള്ളിക്കുന്നില്‍ 25 ലക്ഷം, കൊറ്റമ്പത്തൂരില്‍ 65 ലക്ഷം, തിരുവില്വാമല മാണിയങ്ങാട്ട് 25 ലക്ഷം എന്നിങ്ങനെയാണ് കോര്‍പ്പസ് ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്. വീട്, ഭൂമി, പഠനമുറി, മിശ്രവിവാഹ ധനസഹായം, വിവാഹ ധനസഹായം തുടങ്ങി വിവിധ ധനസഹായ പദ്ധതികളിലൂടെ നിരാലംബര്‍ക്ക് ആശ്വാസമേകാൻ ഇടത് സര്‍ക്കാരിന് സാധിച്ചു. 

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ വിവിധ പദ്ധതികളിലൂടെ ഗ്രാമങ്ങളെയും ജനങ്ങളെയും ശാക്തീകരിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍. അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയിലൂടെ തിരുമണി, കളപ്പാറ, മാങ്കുളമ്പ്, മാട്ടിൻമുകള്‍ എന്നിവിടങ്ങളിലെ സമഗ്ര വികസനത്തിനായി ഒരു കോടി രൂപ വീതമാണ് വകയിരുത്തിയത്. ഭക്ഷ്യസഹായത്തിനായി 4,18,500, ചികിത്സയ്ക്കായി 94,829, ജനനി ജന്മരക്ഷ പദ്ധതിയില്‍ 25,80,000, കമ്മ്യൂണിറ്റി ഹാളിനായി 7,50,000, തിരുമണി വൈദ്യുതീകരണത്തിനായി 48,060, പഠനമുറിയ്ക്കായി 2,11,847 എന്നിങ്ങനെയാണ് തുകകള്‍ വകയിരുത്തിയത്.
ഗ്രാമങ്ങളിലേക്ക് വൈദ്യുതി എത്തിയതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത് ഏറെക്കാലം അവരുടെ പ്രിയപ്പെട്ട എംഎല്‍എയായിരുന്ന കെ രാധാകൃഷ്ണനായിരുന്നു. ഇനിയൊരിക്കലും ഈ ജനത പുറകിലാകുില്ലെന്നുറപ്പിച്ച് ചേര്‍ത്തുപിടിക്കാൻ ചെങ്കൊടിയേന്തിയ കൈകളുണ്ടെന്ന പ്രതീക്ഷകളാണ് ജനങ്ങളെ മുന്നോട്ട് നയിക്കുന്നത്. ആ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് യു ആര്‍ പ്രദീപ് എന്ന ഇടതുസ്ഥാനാര്‍ത്ഥിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത്.

സരിൻ സമസ്ത പ്രസിഡന്റിനെ സന്ദർശിച്ചു

കോഴിക്കോട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പി സരിൻ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു. ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിയാണ് സരിൻ പിന്തുണ അഭ്യർത്ഥിച്ചത്.
ജിഫ്രി തങ്ങളോട് സമസ്തയുടെ പിന്തുണ അഭ്യർത്ഥിച്ചു. തങ്ങൾ വിജയാശംസ നേർന്നുവെന്നും കൂടിക്കാഴ്ച സന്തോഷകരമായിരുന്നുവെന്നും സരിൻ പറഞ്ഞു. നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസലിയാരെയും സരിൻ സന്ദർശിച്ചിരുന്നു. 

Exit mobile version