Site iconSite icon Janayugom Online

ചെല്‍സി ലോകജേതാക്കള്‍

പിഎസ്ജിയെ തകര്‍ത്ത് ചെല്‍സിക്ക് ലോകകിരീടം. അത്യന്തം ആവേശം നിറഞ്ഞ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരെന്ന പേരോടെ എത്തിയ പിഎസ്ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് ചെല്‍സിയുടെ കുതിപ്പ്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു ചെല്‍സി മൂന്ന് ഗോളുകളും നേടിയത്. ഇരട്ട ഗോളും അസിസ്റ്റുമായി തിളങ്ങിയ കോൾ പാൽമറാണ് ചെല്‍സിയുടെ ഹീറോ. 22, 30 മിനിറ്റുകളിലായിരുന്നു പാല്‍മറിന്റെ ഗോളുകള്‍. മൂന്നാം ഗോള്‍ 43-ാം മിനിറ്റില്‍ പാല്‍മറിന്റെ അസിസ്റ്റില്‍നിന്ന് ജാവോ പെഡ്രോ നേടി. മത്സരത്തിന്റെ തുടക്കത്തില്‍ തൊടുത്ത ഒരു ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തുപോയില്ലായിരുന്നെങ്കില്‍ ആദ്യ പകുതിയില്‍ തന്നെ ഹാട്രിക് തികയ്ക്കാനും പാല്‍മറിന് അവസരമുണ്ടായിരുന്നു. 

ടൂര്‍ണമെന്റിലൊന്നാകെ ഗോളടിച്ച് മുന്നേറിയ പിഎസ്ജി കലാശപ്പോരാട്ടത്തില്‍ ചെല്‍സിയുടെ കൈകളിലൊതുങ്ങി. ഒരു ഘട്ടത്തില്‍പ്പോലും കളിയില്‍ നിയന്ത്രണം നേടാന്‍ ലൂയിസ് എന്റിക്വെയുടെ സംഘത്തിന് കഴിഞ്ഞില്ല. 16 ഗോളടിക്കുകയും ഒരു ഗോള്‍ മാത്രം വഴങ്ങുകയും ചെയ്ത പിഎസ്ജി ഫൈനലില്‍ തീര്‍ത്തും നിറംകെട്ടു. പ്രതിരോധം മങ്ങി. പാമറുടെ ആദ്യഗോള്‍ പിഎസ്ജി പ്രതിരോധത്തിന്റെ പിഴവില്‍നിന്നായിരുന്നു. മാലോ ഗുസ്റ്റോയുടെ ഷോട്ട് തടഞ്ഞെങ്കിലും പാല്‍മര്‍ അവസരം മുതലെടുത്ത് ബോക്സിന് തൊട്ടുമുന്നില്‍വച്ച് അടിതൊടുത്തു. ഗോള്‍ കീപ്പര്‍ ജിയാന്‍ല്യൂജിക്ക് ഒന്നും ചെയ്യാനായില്ല. കളി തുടങ്ങി അരമണിക്കൂറില്‍ രണ്ടാം ഗോളുമെത്തി. വലതുവശത്തുനിന്ന് അസാമാന്യ കുതിപ്പ് നടത്തിയ ഇംഗ്ലീഷുകാരന്‍ വീണ്ടും ബോക്സിന് മുന്നില്‍നിന്ന് അടിപായിച്ചു. ഇക്കുറിയും ജിയാന്‍ല്യൂജി കാഴ്ചക്കാരനായി. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് പെഡ്രോ മൂന്നാംഗോളും തൊടുത്തു. പാല്‍മറാണ് അവസരമൊരുക്കിയത്. രണ്ടാംപകുതിയില്‍ പിഎസ്ജി ആഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചെല്‍സി പ്രതിരോധക്കോട്ട കെട്ടി. തകര്‍പ്പന്‍ സേവുകളുമായി ഗോള്‍ കീപ്പര്‍ റോബർട്ട് സാഞ്ചസും മിന്നിയതോടെ കിരീടം ലണ്ടനിലേക്ക്. മറുവശത്ത് ഗോൾകീപ്പർ ജിയാൻല്യൂജിയുടെ സേവുകള്‍ പിഎസ്‌ജിയുടെ തോല്‍വി ഭാരം കുറച്ചു.

85-ാം മിനിറ്റില്‍ പിഎസ്‌ജി താരം ജാവോ നെവസിന് ചുവപ്പുകാർഡ് ലഭിച്ചിരുന്നു. ഫൈനൽ വിസിലിന് പിന്നാലെ ഇരുടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കിയത് ഫൈനലിലെ കല്ലുകടിയായി. ഇതു രണ്ടാം തവണയാണ് ചെല്‍സി ക്ലബ് ലോകകപ്പ് നേടുന്നത്. ഇതിന് മുമ്പ് 2021‑ലാണ് ടീം ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായത്. 2012‑ല്‍ റണ്ണറപ്പായിരുന്നു. ടൂർണമെന്റ് ജേതാക്കളായ ചെൽസിക്ക് വമ്പൻ തുകയാണ് പാരിതോഷികമായി കിട്ടുക. 40 മില്യൺ ഡോളറാണ് ഫൈനൽ വിജയിക്ക് ഫിഫ ഏർപ്പെടുത്തിയ സമ്മാന തുക. ഇത് കൂടാതെ പങ്കാളിത്ത തുകയും ഗ്രൂപ്പ് ഘട്ടത്തിലെയും നോക്കൗട്ട് റൗണ്ടിലെയും വിജയത്തിനുള്ള തുകയും കൂട്ടി ആകെ മൊത്തം 123 മില്യൺ യൂറോ ലഭിക്കും. ഇന്ത്യൻ രൂപയിൽ 1113 കോടി രൂപയോളം വരുമിത്.

Exit mobile version