Site iconSite icon Janayugom Online

ബൊറൂസിയ കടന്ന് ചെല്‍സി: ഇരുപാദങ്ങളിലുമായി 2–1ന്റെ ജയത്തോടെ ക്വാര്‍ട്ടറില്‍

footballfootball

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് ചെല്‍സി ക്വാര്‍ട്ടറില്‍. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സിയുടെ വിജയം. ചെൽസിക്കായി റഹീം സ്റ്റെർലിങ്ങും കായ്‌ ഹവർട്സും ഗോളുകൾ നേടി. ഇരു പാദങ്ങളിലുമായി 2–1 ജയത്തോടെ ചെല്‍സി അവസാന എട്ടിലേക്ക് മുന്നേറുകയായിരുന്നു.
ഗ്രഹാം പോട്ടറുടെ കീഴിൽ ഫോം കണ്ടെത്തുവാൻ കഷ്ടപ്പെടുന്ന ക്ലബ്ബിന് ക്വാർട്ടർ ഫൈനലിലേക്കുള്ള മുന്നേറ്റം കൂടുതൽ ആത്മവിശ്വാസം നൽകും. അതും കഴിഞ്ഞ പന്ത്രണ്ട് മത്സരങ്ങളിലും തുടർച്ചയായി വിജയങ്ങൾ നേടി കുതിക്കുന്ന ബൊറൂസിയയ്ക്ക് എതിരെയാകുമ്പോൾ വിജയത്തിന് മാധുര്യം കൂടും. നോക്കൗട്ടിന്റെ ആദ്യ പാദത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട് മറുപടിയില്ലാത്ത ഒരു ഗോളിന് ചെൽസിയെ തോൽപ്പിച്ചിരുന്നു.

തുടക്കം മുതലേ ചെല്‍സി ആക്രമിച്ചാണ് കളിച്ചത്. ഇതോടെ 43-ാം മിനിറ്റില്‍ തന്നെ സ്റ്റെര്‍ലിങ്ങിലൂടെ ചെല്‍സി മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ റഹീം സ്റ്റെർലിങ്ങാണ് ചെൽസിക്ക് ലീഡ് നേടിക്കൊടുത്തത്. 50-ാം മിനിറ്റില്‍ ചെൽസിക്ക് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിക്കാൻ ആദ്യ ശ്രമത്തിൽ കായ്‌ ഹവർട്സിന് കഴിഞ്ഞില്ല. എന്നാൽ കിക്ക്‌ എടുക്കുന്നതിന് മുമ്പ് എതിർ ബോക്സിലേക്ക് കിടന്നതിനാൽ റഫറി വീണ്ടും പെനാൽറ്റി എടുക്കാൻ ആവശ്യപ്പെട്ടു. ഇത്തവണ ഹവർട്സിന് ലക്ഷ്യം പിഴച്ചില്ല. ചെൽസി രണ്ടു ഗോളുകൾക്ക് മുന്നിൽ.
മറ്റൊരു മത്സരത്തിൽ ക്ലബ്ബ് ബ്രൂഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്ത് ബെൻഫികയും അവസാന എട്ടിൽ ഇടംപിടിച്ചു.ഗോൺസാലോ റാമോസ് ഇരട്ടഗോൾ നേടി. റാഫ സിൽവ, യാവോ മരിയോ,ഡേവിഡ് നെവസ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. ആദ്യപാദത്തിലും ജയിച്ച ബെൻഫിക്ക അഗ്രിഗേറ്റ് സ്കോറിൽ 7–1നാണ് ക്ലബ്ബ് ബ്രൂഗിനെ മറികടന്നത്.

You may also like this video

Exit mobile version