ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ ജയം. വെസ്റ്റ് ഹാമിനെതിരെ ഗോള്‍മഴ തീര്‍ത്ത ചെല്‍സി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് വിജയം നേടിയത്. കഴിഞ്ഞ മത്സരത്തില്‍ സമനില നേടിയ ചെല്‍സി തിരിച്ചുവരവ് ഗംഭീരമാക്കി.
മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് വെസ്റ്റ് ഹാമാണ്. ആറാം മിനിറ്റില്‍ ലുക്കാസ് പക്വെറ്റയാണ് വെസ്റ്റ് ഹാമിനായി ഗോള്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിന് മറുപടി നല്‍കാന്‍ ചെല്‍സിക്ക് അധികം സമയം വേണ്ടിവന്നില്ല. 15-ാം മിനിറ്റില്‍ ജാവോ പെഡ്രോ ചെല്‍സിക്ക് സമനില കണ്ടെത്തി. എന്നാല്‍ ഇവിടെ കൊണ്ടും ചെല്‍സി നിര്‍ത്തിയില്ല. 23-ാം മിനിറ്റില്‍ പെഡ്രോ നെറ്റോ ലീഡ് നേടി. 34-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് കൂടി ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ 3–1ന് ചെല്‍സി ആധിപത്യം സ്ഥാപിച്ചു.
രണ്ടാം പകുതിയിലും നീലപ്പടയുടെ മുന്നേറ്റവും പ്രതിരോധവുമാണ് കണ്ടത്. 54-ാം മിനിറ്റില്‍ മോയിസെസ് കാല്‍കഡോ നാലാം ഗോള്‍ എത്തിച്ചു. ഈ ഗോള്‍ വീണ് നാല് മിനിറ്റിനുള്ളില്‍ ട്രെവോ ചാലോബാ അഞ്ചാം ഗോളും നേടി വിജയമുറപ്പിച്ചു. വെസ്റ്റ് ഹാമിന് പിന്നീട് തിരിച്ചടിക്കാന്‍ സാധിച്ചില്ല.
അതേസമയം മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി ടോട്ടന്‍ഹാമിന് തുടര്‍ച്ചയായ രണ്ടാം ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ടോട്ടന്‍ഹാം ജയം സ്വന്തമാക്കിയത്. 35-ാം മിനിറ്റില്‍ ബ്രണ്ണെന്‍ ജോണ്‍സണും ഇഞ്ചുറി ടൈമില്‍ ജാവോ ഫലീഞ്ഞയുമാണ് വിജയഗോളുകള്‍ നേടിയത്.
ചെല്‍സി പഞ്ച്; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ആദ്യ ജയം

