2025ലെ രസതന്ത്ര നൊബേൽ സമ്മാനം സുസുമു കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം യാഘി എന്നീ മൂന്ന് ഗവേഷകർ പങ്കിട്ടെടുത്തു. മെറ്റൽ-ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് ഇവരെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. രസതന്ത്രത്തിലെ നിയമങ്ങൾ മാറ്റിമറിക്കാൻ സാധ്യതയുള്ള കണ്ടെത്തലാണിത്. മരുഭൂമിയിലെ വായുവിൽനിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങളെ ഫലപ്രദമായി പിടിച്ചെടുക്കാനും സാധിക്കുന്ന വസ്തുക്കൾ നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാകും.
ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ പ്രൊഫസറാണ് സുസുമു കിറ്റഗാവ. ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ പ്രൊഫസറാണ് റിച്ചാർഡ് റോബ്സൺ. യുഎസിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറാണ് ഒമർ എം യാഘി. മെറ്റൽ അയോണുകൾ നീണ്ട ജൈവ (കാർബൺ അധിഷ്ഠിത) തന്മാത്രകളാൽ ബന്ധിപ്പിച്ചാണ് പുതിയ തരം തന്മാത്ര ഘടന വികസിപ്പിച്ചെടുത്തത്.

