രസതന്ത്രശാഖയ്ക്ക് പുതിയ മാനം നല്‍കിയ ക്ലിക്ക് രസതന്ത്രവും ബയോര്‍ത്തോഗണല്‍ രസതന്ത്രവും വികസിപ്പിച്ച മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് നൊബേല്‍. അമേരിക്കന്‍ ഗവേഷകരായ കരോലിന്‍ ആര്‍ ബെര്‍റ്റോസി, കെ ബാരി ഷാര്‍പ്പ്ലെസ് എന്നിവരും ഡെന്‍മാര്‍ക്കിലെ മോര്‍ട്ടെന്‍ മെല്‍ഡലുമാണ് പുരസ്‌കാരം പങ്കിട്ടത്.
ബുദ്ധിമുട്ടേറിയ രസതന്ത്ര പ്രക്രിയ ലളിതമായി നിര്‍വഹിക്കാനുള്ള രീതിയാണ് ക്ലിക്ക് കെമിസ്ട്രിയിലൂടെ ഇവര്‍ രൂപപ്പെടുത്തിയത്. തന്മാത്രാ നിര്‍മ്മാണശിലകള്‍ അനായാസം ഒന്നായി കൂടിച്ചേരുകയാണ് ക്ലിക്ക് കെമിസ്ട്രിയില്‍ സംഭവിക്കുന്നത്. ക്ലിക്ക് കെമിസ്ട്രിക്ക് പുതിയൊരു മാനം നല്‍കി, ജീവജാലങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ വികസിപ്പിക്കുകയാണ് ബെര്‍റ്റോസി ചെയ്തത്. ബയോര്‍ത്തോഗണല്‍ രസതന്ത്രം എന്നാണ് ഈ രസതന്ത്രശാഖയുടെ പേര്.
ഔഷധനിര്‍മ്മാണത്തില്‍ മിക്കപ്പോഴും സ്വാഭാവിക തന്മാത്രകളെ ഔഷധഗുണമുള്ളവയാക്കി പുനഃസൃഷ്ടിക്കേണ്ടിവരാറുണ്ട്. വളരെ ചെലവേറിയതും സമയമെടുക്കുന്നതുമായ രാസപ്രക്രിയകളാണ് ഇത്. ആ സ്ഥിതിക്ക് മാറ്റമുണ്ടാക്കി, ‘ക്ലിക്ക്’ ചെയ്യുന്ന വേഗത്തില്‍ നേരിട്ട് ഇത്തരം സങ്കീര്‍ണ രാസപ്രക്രിയകള്‍ സാധ്യമാക്കുകയാണ് ഇവര്‍ ചെയ്തത്.
ഷാര്‍പ്ലെസിന് രണ്ടാം തവണയാണ് രസതന്ത്ര നൊബേല്‍ ലഭിക്കുന്നത്. 2001 ല്‍ ആണ് ആദ്യ നൊബേല്‍ ലഭിച്ചത്. 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ക്വാണ്ടം മെക്കാനിക്‌സ് മേഖലയിലെ മൂന്ന് ശാസ്ത്രജ്ഞർക്കാണ് അവാർഡ് ലഭിച്ചത്. ശാസ്ത്രജ്ഞരായ ഫ്രാൻസിലെ അലൈൻ ആസ്പെക്‌ട്, അമേരിക്കയിലെ ജോൺ എഫ് ക്ലോസർ, ഓസ്ട്രിയയിലെ ആന്റൺ ഗെല്ലിംഗർ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.
English Summary: Chemistry Nobel for three people
You may like this video also