Site iconSite icon Janayugom Online

ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാകാന്‍ അര്‍ഹത ചാണ്ടി ഉമ്മന് ; ചെറിയാന്‍ ഫിലിപ്പ്

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാകാന്‍ എല്ലാവിധ അര്‍ഹതയുമുള്ളത് മകന്‍ ചാണ്ടി ഉമ്മനാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ജനിച്ച നാള്‍ മുതല്‍ രാഷ്ട്രീയവായു ശ്വസിക്കുകയും കോണ്‍ഗ്രസിന്റെ സംസ്കാരവും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മന്‍ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ ‑സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായതെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേയ്‌സ്ബുക്ക് കുറിപ്പ്

ചാണ്ടി ഉമ്മന്‍ അനന്തരാവകാശി: ചെറിയാന്‍ ഫിലിപ്പ്

ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ എല്ലാ വിധ അര്‍ഹതയുമുള്ളത് ചാണ്ടി ഉമ്മനാണ്. ജനിച്ച നാള്‍ മുതല്‍ രാഷ്ട്രീയവായു ശ്വസിക്കുകയും കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മന്‍ സ്വന്തം അദ്ധ്വാനവും കഴിവും കൊണ്ടാണ് ദേശീയ ‑സംസ്ഥാന തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നഗ്‌ന പാദനായി അനേക കിലോമീറ്റര്‍ നടന്നയാളാണ്.

ഞാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നയുടന്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തിയപ്പോള്‍ ആദ്യം അദ്ദേഹത്തോട് സംസാരിച്ചത് ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ്. ഇക്കാര്യം താന്‍ ആരോടും പറയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച നിലപാട്. അവിചാരിതമായി അവിടേക്ക് കടന്നുവന്ന എം എം ഹസ്സനും കെ സി ജോസഫും ചര്‍ച്ചയില്‍ പങ്കാളിയായി. ഒരു വീട്ടില്‍ നിന്നും ഒരാള്‍ മതി എന്ന തന്റെ നിലപാട് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ അറിവു കൂടാതെ കെ.സി.വേണുഗോപാല്‍ മുന്‍ കൈ എടുത്താണ് പിന്നീട് ചാണ്ടി ഉമ്മനെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഔട്ട് റീച്ച് വിഭാഗം ചെയര്‍പെഴ്‌സണ്‍ ആക്കുന്നത്.
കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ ചാണ്ടി ഉമ്മന് നേതൃത്വനിരയില്‍ വലിയ സ്ഥാനം ലഭിക്കുമെന്ന് തീര്‍ച്ച.

1999‑ല്‍ അച്ചു ഉമ്മനെ മാര്‍ ഇവാനിയോസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ ആക്കാനും കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കാനും ഞാനും ശരത്ചന്ദ്രപ്രസാദും കൂടി മുന്‍ കൈ എടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി എതിര്‍ക്കുകയാണുണ്ടായത്. വിവാഹ ശേഷം അച്ചു സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറി.

മൂത്ത മകള്‍ മറിയ ഉമ്മന്‍ കുട്ടിക്കാലം മുതല്‍ നല്ല രാഷ്ട്രീയ ബോധമുള്ളയാളാണ്. മറിയയും അച്ചുവും മലയാളത്തിലും ഇംഗ്ലീഷിലും നല്ല പ്രാസംഗികരായിരുന്നു. ജനിച്ച നാള്‍ മുതല്‍ മുന്നു മക്കളോടും അടുപ്പമുണ്ടായിരുന്ന ഞാന്‍ എന്നും അവരെ പ്രോഝാഹിപ്പിച്ചിരുന്നു. വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ സാദ്ധ്യതയേറി വരുന്ന ഇക്കാലത്ത് മറിയയും അച്ചുവും രാഷ്ട്രീയത്തില്‍ വന്നാല്‍ അവരേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രവര്‍ത്തകരും തയ്യാറാകും.

1976‑ല്‍ മാര്‍ ഇവാനിയോസ് കോളജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്നത്തെ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന എന്നെ വിളിച്ചു വരുത്തി കെ.കരുണാകരനും കല്യാണിക്കുട്ടിയമ്മയും വിലക്കുകയാണ് ചെയ്തത്. രാഷ്ട്രീയ തല്പരനായിരുന്ന മുരളി അതില്‍ നിരാശനായിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം മുരളീധരനെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കിയതും കെ.പി.സി.സി പ്രസിഡണ്ടാക്കിയതും എ.കെ.ആന്റണിയാണ്. 1998 ല്‍ പത്മജയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരണമെന്ന് കെ.കരുണാകരനോട് ആവശ്യപ്പെട്ടത് ഞാനാണ്. എന്റെ നിര്‍ദ്ദേശം മാനിച്ചാണ് എ.കെ.ആന്റണി പത്മജയെ കെ.ടി.ഡി.സി ചെയര്‍മാനാക്കിയത്. കെ.കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ജീവിക്കുന്ന സ്മാരകങ്ങളായ മക്കള്‍ക്ക് കേരള ജനതയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ എന്നും സ്ഥാനമുണ്ടായിരിക്കും.

Eng­lish Sum­ma­ry: Cheriyan Philip says Chandy Oom­men is eli­gi­ble to suc­ceed Oom­men Chandy
You may also like this video

Exit mobile version