Site iconSite icon Janayugom Online

ചേർത്തല തിരോധാനം: പ്രതി സെബാസ്റ്റ്യനെ ഏഴു ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

ദുരൂഹസാഹചര്യത്തില്‍ കാണാതായ മൂന്നു സ്ത്രീകളെ കുറിച്ചുള്ള അന്വേഷണത്തില്‍ പ്രതിസെബാസ്റ്റ്യനെ ഏഴുദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ആദ്യം അനുവദിച്ച ഏഴുദിവസത്തെ കസ്റ്റഡി പൂര്‍ത്തിയാക്കി ഇന്ന് സെബാസ്റ്റ്യനെ ഏറ്റുമാന്നൂര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിനുമുന്നോടിയായി തന്നെ കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപെട്ട് നല്‍കിയ അപേക്ഷയിലാണ് കോടതി അനുമതി.

ഏറ്റുമാന്നൂരില്‍ സ്വദേശിനി ജെയ്‌നമ്മയെ കാണാതായ കേസിലാണ് നടപടി. ഈ കേസിലാണ് ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരിക്കുന്നത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നും ലഭിച്ച കത്തിയ ശരീരാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനക്കയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം എത്തിയാല്‍ മാത്രമേ തുടരന്വേഷണത്തിന്റെ ഗതിനിശ്ചയിക്കുകയുള്ളു. ജെയ്‌നമ്മക്കു പുറമെ ചേര്‍ത്തല സ്വദേശിനി ഹയറുമ്മ(ഐഷ), കടക്കരപ്പള്ളി സ്വദേശിനി ബന്ദുപദ്മനാഭന്‍ എന്നിവരുടെ അവശിഷ്ടങ്ങളാണോയെന്ന സംശയവുമുണ്ട്. 

അതിനാല്‍ അവരുടെയും ബന്ധുക്കളുടെ സാമ്പിളുകളും ശേഖരിച്ചു പരിശോധന നടത്തുന്നുണ്ട്. ആദ്യ ഏഴുദിവസം സെബാസ്റ്റ്യനുമായി വീട്ടിലു വീട്ടുവളപ്പിലും പരിശോധനയും പണയംവെച്ചതും പിന്നീടു വിറ്റതുമായ ജെയ്‌നമ്മയുടേതെന്നു സംശയിക്കുന്ന ആഭരണങ്ങള്‍ തിരിച്ചെടുക്കലും ചോദ്യം ചെയ്യലുമാണ് നടത്തിയത്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ തെളിവെടുക്കലുകള്‍ നടക്കുമെന്നാണ് ക്രൈംബ്രാഞ്ച് കേന്ദ്രങ്ങള്‍ പറയുന്നത്.

Exit mobile version