തലക്കുളത്തൂർ എലിയോട് മലയ്ക്ക് സമീപം എടക്കര ചെറുകാട് മല അനധികൃതമായി ഇടിക്കുന്നതിരെ നാട്ടുകാരുടെ പ്രതിഷേധം. കോഴിക്കോട് നടക്കാവിലെ ഭാരത് കോളജ് അധികൃതരാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി രണ്ടു ദിവസത്തോളം കുന്ന് വ്യാപകമായി ഇടിച്ചു നിരത്തിയത്. എലിയോട് മലയിലേക്ക് പോകുന്ന റോഡിനോട് തൊട്ടു കിടക്കുന്നതാണ് ചെറുകാട് മല. ഇവിടെ എട്ടോളം ജെസിബി ഉപയോഗിച്ചാണ് പ്രവൃത്തി നടന്നുവന്നിരുന്നത്. മലയുടെ പകുതിയോളം ഇടിച്ചു നിരപ്പാക്കി കഴിഞ്ഞുവെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്ത് സ്ഥാപനങ്ങൾ വരുന്നതിന് തങ്ങൾ എതിരല്ലെന്നും എന്നാൽ യാതൊരു വിധ അനുമതിയും കൂടാതെ ഒരു മല ഇടിച്ചു നിരത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും പ്രദേശവാസിയായ സെൽവൻ ജനയുഗത്തോട് പറഞ്ഞു. അന്വേഷിച്ചപ്പോൾ പഞ്ചായത്തിന്റേയോ വില്ലേജ് അധികാരികളുടേയോ അനുമതിയില്ലാതെയാണ് പ്രവൃത്തി നടക്കുന്നത് എന്നാണ് അറിഞ്ഞത്. ഉടമയോട് അന്വേഷിച്ചപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അനുമതിയുണ്ടെന്നാണ് പറയുന്നത്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കാര്യത്തിൽ മാത്രമാണ് ഇടപെടാറുള്ളത്. അല്ലാതെ മലയിടിച്ചു നിരത്താൻ അനുമതി നൽകാൻ യൂണിവേഴ്സിറ്റിക്ക് അധികാരമുണ്ടോ എന്നും നാട്ടുകാർ ചോദിക്കുന്നു.
അഞ്ച് ഏക്കറോളം സ്ഥലം വാങ്ങിയാണ് കോളെജ് അധികൃതർ പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളത്. റോഡ് നിർമ്മിച്ച് ജെസിബി മലയിലെത്തിച്ചാണ് മണ്ണിടിക്കുന്നത്. രാവിലെ ആറു മണിക്ക് തുടങ്ങുന്ന ജോലികൾ രാത്രി വരെ തുടരുകയാണ്. ഇവിടെ കൂട്ടിയിടുന്ന മണ്ണ് മഴ പെയ്താൽ താഴേക്കിറങ്ങി വലിയ അപകടങ്ങൾക്ക് കാരണമാകും. നിരവധി കുടുംബങ്ങൾ മലയോട് ചേർന്നും താഴെയുമായി താമസിക്കുന്നുണ്ട്. അപകട സാധ്യത അധികൃതർ തിരിച്ചറിയണമെന്നും നാട്ടുകാർ പറയുന്നു. എട്ട് ജെസിബി ഉപയോഗിച്ച് നടത്തിയ പ്രവൃത്തി നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അധികൃതരടെ അനുവാദമില്ലാതെ നിർമ്മാണ പ്രവൃത്തികൾ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.