Site icon Janayugom Online

ചെസ് ഒളിമ്പ്യാഡ് ഇന്ന് തുടക്കം

44-ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് ചെന്നൈയില്‍ ആരംഭിക്കും. വൈകിട്ട് ആറിന് ചെന്നൈ ജവാഹർലാ‍ൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. തമിഴ്‌നാടിന്റെ സംസ്കാര പൈതൃകമുറങ്ങുന്ന മാമല്ലപുരത്ത് ലോകത്തിലെ പ്രമുഖരായ ചെസ് താരങ്ങളെല്ലാം എത്തുമ്പോള്‍ ആവേശ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

മത്സരങ്ങൾ 29 മുതൽ മഹാബലിപുരം റിസോർട്ടിലൊരുക്കിയ പ്രത്യേക വേദിയിലാണ് നടക്കുക. ചെസ് ഒളിമ്പ്യാഡ് ഓഗസ്റ്റ് 10നാണ് അവസാനിക്കുന്നത്. 186 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പങ്കെടുക്കും. ഓപ്പണ്‍ വിഭാഗത്തില്‍ 188 ടീമുകളും വനിതാ വിഭാഗത്തില്‍ 162 ടീമുകളുമാണ് മത്സരിക്കുക. ആറു ടീമുകളിലായി 30 ഇന്ത്യന്‍ കളിക്കാര്‍ (മൂന്ന് ഓപ്പണ്‍, മൂന്ന് വനിതാ വിഭാഗം) പങ്കെടുക്കും. ഓരോ ടീമിലും അഞ്ചംഗങ്ങള്‍ വീതം ഉണ്ടാവും.

ടൂര്‍ണമെന്റിനെ വരവേല്‍ക്കാന്‍ വമ്പന്‍ തയ്യാറെടുപ്പാണ് ചെന്നൈയില്‍ നടത്തിയിരിക്കുന്നത്. കൊനേരു ഹംപി, ഡി ഹരിക, വൈശാലി തുടങ്ങിയവർ അണിനിരക്കുന്ന ഇന്ത്യൻ ടീം വനിതാവിഭാഗത്തിൽ ഒന്നാം സീഡാണ്; ഇന്ത്യയുടെ രണ്ടും മൂന്നും വനിതാ ടീമുകൾ പതിനൊന്നും പതിനാറും സീഡും. ലോകചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സണ്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പ്രമുഖര്‍ പങ്കെടുക്കും. ലോകത്തെ മികച്ച രണ്ടു ടീമുകള്‍ (റഷ്യയും ചൈനയും) ഓപ്പണ്‍, വനിതാ വിഭാഗങ്ങളില്‍ പങ്കെടുക്കാത്തത് ഇന്ത്യക്ക് ഏറെ പ്രതീക്ഷനല്‍കുന്നു.

Eng­lish Summary:Chess Olympiad starts today
You may also like this video

Exit mobile version