Site iconSite icon Janayugom Online

ഛത്തീസ്ഗഢില്‍ ഹിന്ദു മതപ്രഭാഷകന്‍ കറങ്ങുന്നത് സര്‍ക്കാര്‍ വിമാനത്തില്‍

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തില്‍ ഹിന്ദുമത പ്രഭാഷകനായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി കറങ്ങിനടക്കുന്നത് വിവാദത്തില്‍. എന്ത് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇതിന് അനുമതി നല്‍കിയയതെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ചോദിച്ചു.
ധീരേന്ദ്ര സര്‍ക്കാര്‍ ജെറ്റില്‍ വന്നിറങ്ങുന്നതും യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതും ബെല്‍റ്റും ബൂട്ടും ഊരിമാറ്റി അയാളുടെ കാലില്‍ തൊടുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. മതപ്രഭാഷകന് മുമ്പ് വിമാനത്തില്‍ നിന്നിറങ്ങിയത് സംസ്ഥാനത്തെ മറ്റൊരു മന്ത്രിയായ ഗുരു ഖുശ്വന്ത് സാഹിബ് ആയിരുന്നെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനപ്രതിനിധിയോ, ഉദ്യോഗസ്ഥനോ അല്ലാത്ത മതപ്രഭാഷകന് സര്‍ക്കാര്‍ ജെറ്റ് അനുവദിച്ചതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ പൊതുമുതല്‍ കൊള്ളയടിക്കുകയും ദുരുപയോഗം ചെയ്യുകയുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെ ശക്തമായി അപലപിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു. എന്നാല്‍ ധീരേന്ദ്രയ്ക്ക് സര്‍ക്കാര്‍ വിമാനം വിട്ടുനല്‍കുന്നത് ആദരസൂചകമായാണെന്ന് ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മ ന്യായീകരിച്ചു. ഹിന്ദുക്കളെ ഒന്നിപ്പിക്കുക, ഹനുമാന്റെ വചനം പ്രചരിപ്പിക്കുക, ദേശീയത ഉണര്‍ത്തുക എന്നിവ അന്ധവിശ്വാസമാണെന്ന് വിശ്വസിക്കുന്നവര്‍ രാജ്യം വിടണമെന്നാണ് ധീരേന്ദ്രയുടെ പ്രതികരണം. മധ്യപ്രദേശിലെ ബാഗേശ്വര്‍ ധാം തലവനായ ശാസ്ത്രി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് മുമ്പ് ആഹ്വാനം ചെയ്യുകയും ലൗ ജിഹാദ് ഉണ്ടെന്ന് ആരോപിക്കുകയും ചെയ്തിട്ടുണ്ട്. 

Exit mobile version