Site iconSite icon Janayugom Online

വടകര ജില്ലാ ആശുപത്രി കെട്ടിട ശിലാസ്ഥാപനം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്രസംസ്ഥാന സംയുക്തപദ്ധതിയായ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമിൽ (പിഎംജെവികെ ) ജില്ലയിൽ അനുവദിച്ച വടകര ജില്ലാ ആശുപത്രിയുടെ രണ്ടാംഘട്ട കെട്ടിട നിർമാണത്തിന്റെ ശിലാസ്ഥാപനം ഈമാസം 12 ന് പകൽ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി ജോർജ് കുര്യൻ വിശിഷ്ടാതിഥിയാകും. മന്ത്രിമാരായ വീണ ജോർജ്, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥികളാവും. 

ആറു നിലകളിലായി 83.08 കോടി രൂപ ചെലവിൽ 14,329.08 ചതുരശ്ര മീറ്ററിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ആശുപത്രി പണിയുന്നത്. ആറ് ഓപ്പറേഷൻ തിയ്യേറ്ററുകൾ, 123 കിടക്കകളുള്ള പുരുഷ‑വനിതാ വാർഡുകൾ, ഐസൊലേഷൻ വാർഡുകൾ, 22 കിടക്കകളുള്ള എസ്ഐസിയു, 14 കിടക്കകളുള്ള പോസ്റ്റ് ഓപ്പറേഷൻ വാർഡ്, 25 കിടക്കകളുള്ള എമർജൻസി കെയർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. പദ്ധതിയിൽ ബേസ്മെന്റ് ഫ്ലോറിലും പുറത്തുമായി 294 പാർക്കിംഗ് സൗകര്യം, രോഗികൾക്കും ജീവനക്കാർക്കും സഞ്ചരിക്കാൻ ആറ് ലിഫ്റ്റുകൾ, കാത്തിരിപ്പ് സ്ഥലം, സ്റ്റോറേജ് സംവിധാനമുള്ള ഫാർമസി, വലിയ കാത്തിരിപ്പ് സ്ഥലമുള്ള 24 ഒപി മുറികൾ, നൂതന ലാബ്-റേഡിയോളജി വകുപ്പ്, രക്തബാങ്ക് യൂണിറ്റ്, ഓഫീസുകളും കോൺഫറൻസ് ഹാൾ സൗകര്യങ്ങളുമുള്ള അഡ്മിനിസ്ട്രേഷൻ ഏരിയ, അടുക്കള, ഡൈനിംഗ് സൗകര്യങ്ങൾ, നൂതന സിഎസ്എസ്ഡി യൂണിറ്റ് മലിനജല സംസ്കരണ പ്ലാന്റിനുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് നിർമാണ പദ്ധതി. 

Exit mobile version