തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടേത് മാതൃകാപരമായ പെരുമാറ്റമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമാണ് അദ്ദേഹം.ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങളും അദ്ദേഹത്തിന്റെ പക്കലില്ല.ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നു.ഇക്കാര്യത്തില്‍ ഒരു പരിശോധനയും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.കൊടുക്കുന്ന പരാതികള്‍ അതേപോലെ സ്വീകരിച്ച് നടപടിയെടുക്കാന്‍ അല്ല പി ശശി അവിടെ ഇരിക്കുന്നത്. ഈ സര്‍ക്കാരിന് നിയമപ്രകാരം എടുക്കാന്‍ കഴിയുന്ന നടപടികള്‍ മാത്രം സ്വീകരിക്കുന്നതിനാണ് അദ്ദേഹം ഇരിക്കുന്നത്. അല്ലാത്ത നടപടി സ്വീകരിച്ചാല്‍ ശശിയല്ല, ആരായാലും ആ ഓഫീസില്‍ ഇരിക്കാന്‍ സാധിക്കില്ല. നിയമപ്രകാരമുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ പറ്റൂ.
നിയമപ്രകാരം സ്വീകരിക്കാന്‍ കഴിയാത്ത എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ സ്വാഭാവികമായി ചെയ്തിട്ടുണ്ടാകില്ല. ചെയ്യാത്തതിനുള്ള വിരോധം വച്ച് വിളിച്ച് പറഞ്ഞാല്‍ അതിന്റെ പേരില്‍ ആരെയും മാറ്റില്ല മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഒരു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പി വി അന്‍വര്‍ ആരോപണങ്ങള്‍ ആദ്യം പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ ശ്രദ്ധയിലും കാര്യങ്ങള്‍ എത്തിക്കാമായിരുന്നു. പാര്‍ട്ടിയുടെ ശ്രദ്ധയില്‍പെടുത്തിയ ശേഷമായിരുന്നു മറ്റു കാര്യങ്ങളിലേക്കു പോകേണ്ടത്.ആ നിലപാടല്ല അന്‍വര്‍ സ്വീകരിച്ചത്.തങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ സ്വീകരിക്കേണ്ട നിലപാടല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്‍വറിനെ പറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്തയച്ചിട്ടുണ്ട്. അതും അന്വേഷണസംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചു. അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒരു മുന്‍വിധിയോടെയും അല്ല സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്. സാധാരണ നിലയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത നിലയില്‍ സംസാരിച്ച എസ് പിക്കെതിരെ നടപടി എടുത്തു. ആരോപണവിധേയര്‍ ആര് എന്നതല്ല, ഉന്നയിക്കപ്പെട്ട ആരോപണം എന്ത് എന്നും അതിനുള്ള തെളിവുകള്‍ എന്ത് എന്നതുമാണ് പ്രശ്നമെന്നും മുഖ്യമന്ത്രി പറഞ്ഞു.