സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാത്തതാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് കാരണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാദത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിമാര്‍.കൊവിഡ് അവലോകന യോഗം ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തിനിടെയായിരുന്നു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും അതാണ് വിലവര്‍ധനവിന് കാരണമെന്നുമായിരുന്നു മോഡിയുടെ വാദം.
സംസ്ഥാനങ്ങള്‍ ജനങ്ങളോട് അനീതി കാണിക്കുകയാണെന്നായിരുന്നു മോഡി പറഞ്ഞത്.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയത്. നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാന്‍ പ്രധാനമന്ത്രിക്ക് ലജ്ജയില്ലേയെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു ചോദിച്ചത്. 2015 മുതല്‍ തന്റെ സംസ്ഥാനത്ത് ഇന്ധന നികുതിയില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിന് പകരം കേന്ദ്രത്തിന് നികുതി കുറയ്ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്. കേന്ദ്രം വര്‍ധിപ്പിച്ച നികുതി മാത്രമല്ല, സെസും പിരിക്കുന്നുണ്ട്.
നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ വര്‍ധിപ്പിച്ച നികുതികള്‍ ഏതൊക്കെയാണെന്ന് ജനങ്ങളോട് പറയൂ,’ ചന്ദ്രശേഖര റാവു പറഞ്ഞു.പെട്രോള്‍, ഡീസല്‍ വിലയ്ക്ക് സബ്സിഡി നല്‍കാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1500 കോടി രൂപ ചെലവഴിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പറഞ്ഞു . ‘തികച്ചും ഏകപക്ഷീയവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. അദ്ദേഹം പങ്കുവെച്ച വസ്തുതകള്‍ തെറ്റായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും ഞങ്ങള്‍ 1 രൂപ സബ്സിഡി നല്‍കുന്നു. ഞങ്ങള്‍ 1500 കോടി രൂപ ഇതിന് വേണ്ടി ചെലവഴിച്ചു കഴിഞ്ഞു, മമത ബാനര്‍ജി പറഞ്ഞു.ഞങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും 97,000 കോടി രൂപ കുടിശ്ശികയായി കിട്ടാനുണ്ട്.
തുകയുടെ പകുതി കിട്ടുന്ന അടുത്ത ദിവസം 3000 കോടി രൂപ പെട്രോള്‍, ഡീസല്‍ സബ്സിഡി നല്‍കും. അത്തരമൊരു സബ്‌സിഡി ജനങ്ങള്‍ക്ക് നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. അത് നല്‍കാന്‍ തയ്യാറാണ്. പക്ഷേ കേന്ദ്രം അത് തരാതെ ഞാന്‍ എങ്ങനെ എന്റെ സര്‍ക്കാരിനെ മുന്നോട്ടു നയിക്കും, മമത ബാനര്‍ജി ചോദിച്ചു.യോഗത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരമില്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് പ്രധാനമന്ത്രി പറഞ്ഞ കാര്യത്തോടുള്ള വിയോജിപ്പ് അറിയിക്കാനായില്ലെന്നും മമത വ്യക്തമാക്കി.ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ സബ്സിഡിയായി 5,000 കോടി രൂപയും 3,000 കോടി രൂപയും മോദി അനുവദിച്ചു. ഈ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് നല്ല സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളിന് അത് ലഭിച്ചിക്കുന്നില്ല, മമത വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് മമതയുടെ തൃണമൂല്‍ സര്‍ക്കാര്‍ പ്രധാനമന്ത്രി മോഡിക്കെതിരെ ആഞ്ഞടിച്ചത്. ‘മിസ്റ്റര്‍ നരേന്ദ്ര മോഡി ഇന്ന് സംസ്ഥാനങ്ങളെ നാണം കെടുത്തിയത് നിങ്ങളുടെ ഹീനമായ അജണ്ടയായിരുന്നു. ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്രം എന്താണ് ചെയ്യുന്നത്അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നത്? ജനാധിപത്യത്തെ കബളിപ്പിക്കരുത്. ഞങ്ങളില്‍ നിന്ന് നിങ്ങള്‍ പാഠങ്ങള്‍ പഠിക്കണം, മമത പറഞ്ഞു
ഇന്ധനവില കുതിച്ചുയരുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവാദികളല്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പറഞ്ഞു.‘ഇന്ന്, മുംബൈയില്‍ ഒരു ലിറ്റര്‍ ഡീസല്‍ വിലയില്‍ നിന്നും കേന്ദ്രത്തിന് 24.38 രൂപയും സംസ്ഥാനത്തിന് 22.37 രൂപയുമാണ് ലഭിക്കുക. പെട്രോള്‍ വിലയില്‍ 31.58 പൈസ കേന്ദ്രനികുതിയും 32.55 പൈസ സംസ്ഥാന നികുതിയുമാണ്. അതിനാല്‍ മോദി പറഞ്ഞത് വസ്തുതയല്ല. സംസ്ഥാനം കാരണം പെട്രോളിനും ഡീസലിനും വിലകൂടിയെന്ന അദ്ദേഹത്തിന്റെ വാദം തെറ്റാണ്, ഉദ്ധവ് താക്കറെ പറഞ്ഞു.സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാത്തതിനാലാണ് പെട്രോള്‍, ഡീസല്‍ വില കുറയാത്തതെന്ന പ്രധാനമന്ത്രിയുടെ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലും വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കുന്ന നികുതിയുടെ 1.92 ശതമാനമാണ് കേരളത്തിന് അനുവദിക്കുന്നത്. 3.5 ശതമാനമുണ്ടായിരുന്നത് വെട്ടിക്കുറയ്ക്കുകയായിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരവും ജൂണ്‍ 30നു നിലയ്ക്കും. ഇത്തരത്തില്‍ വലിയ സാമ്പത്തിക പ്രയാസം നേരിടുന്ന സംസ്ഥാനത്തെ കുറ്റപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പ്രധാനമന്ത്രി നോക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്.
ചില സംസ്ഥാനം ഇന്ധന നികുതി കുറച്ചെന്ന് അവകാശപ്പെടുന്നു. ഇവര്‍ക്ക് കേന്ദ്ര നികുതിയിലെ ഉയര്‍ന്ന വിഹിതം ലഭിക്കുന്നത് ചര്‍ച്ചയാകുന്നില്ല.സംസ്ഥാനങ്ങളുടെ രക്ഷിതാവായി പ്രവര്‍ത്തിക്കേണ്ട കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും വിപരീതഫലമാണ് ചെയ്യുന്നതെന്ന് ആക്ഷേപിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. ഏഴു സംസ്ഥാനത്തിന്റെ പേര് എടുത്തുപറഞ്ഞ് കേരളത്തെയും വിമര്‍ശിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്.
English summary:Chief ministers blame Prime Minister for fuel price hike on states
You may also like this video: