Site iconSite icon Janayugom Online

ചില ജീവാത്മാക്കൾ ഇടയ്ക്കൊക്കെ കണ്ടുമുട്ടുമ്പോൾ

ചില നേരങ്ങളിൽ
ചില കാലങ്ങൾക്കിപ്പുറവും
ഒരു നോക്കു കാണാൻ കൊതിച്ച്
നമ്മളിരുവരും പാതയോരത്ത്
കണ്ണ് നട്ടിരിക്കാറുണ്ട്
ഇമയനങ്ങാത്ത
കണ്ണുകൾക്കു മുന്നിൽ
രാപ്പൂക്കൾ മടിച്ചു മടിച്ച്
കൊഴിഞ്ഞു വീഴാറുണ്ട്
ചില നേരങ്ങളിൽ
ചില ഇടവഴികളിൽ വച്ച്
നാം തമ്മിൽ കണ്ടുമുട്ടാറുണ്ട്
അപ്പോഴൊക്കെ ആർത്തിപൂണ്ട്
നീ എന്നെയും ഞാൻ നിന്നെയും
തിന്നു തീർക്കാറുണ്ട്ൻ്റെ
ചില നേരങ്ങളിൽ
ചില ഭൂപടങ്ങളിൽ
നമ്മൾ ഒരൊറ്റ ബിന്ദുവിൽ
ഒരേ കനവുകളിൽ
വീണുറങ്ങാറുണ്ട്
ചിലവഴിയിറക്കങ്ങളിലും
കയറ്റങ്ങളിലും
നമ്മൾ ഇരുവരും
മൂക്കുകുത്തി വീഴാറുണ്ട്
ചില വഴിക്കടങ്ങൾ
നമ്മൾ പകുത്ത്
വീട്ടിത്തീർക്കാറുണ്ട്
ചില നേരങ്ങളിൽ
ചില ഇലയനക്കങ്ങൾ പോലും
നമ്മുടെ സ്വൈര്യത്തെ
തകർക്കാറുണ്ട്
ചില നേരപ്പകർച്ചകളിൽ
സ്നേഹഭംഗത്തിന്റെ
ഇടർച്ചകളിൽ നാം
തട്ടി വീണുടയാറുണ്ട്
ചില കാഴ്ചകളിൽ നടുങ്ങി
നമുക്ക് നാം അന്യരാവാറുണ്ട്
ചില ദേശകാലങ്ങളുടെ
അതിർവരമ്പുകളിൽ
പിന്നെയും
എപ്പൊഴൊക്കെയോ
നമ്മൾ കണ്ടുമുട്ടാറുണ്ട്
മുറുക്കിത്തുപ്പി
വെടി പറഞ്ഞിരുന്ന്
പഴയ കഥകൾ അയവിറക്കി
കാലം കഴിച്ച്
പോവാറുണ്ട്

Exit mobile version